സ്വന്തം സിനിമയുടെ പ്രൊമോഷന് പോകില്ല; പക്ഷേ ഇവിടെ നോ പറയാൻ പറ്റില്ലെന്ന് നയൻതാര

Sunday 30 June 2024 11:27 AM IST

ചെന്നൈ: സ്വന്തം സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പോലും പങ്കെടുക്കാത്ത താരമാണ് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര. എന്നാൽ ഒരു തമിഴ് ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങിലെത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് താരറാണിയിപ്പോൾ. വിഷ്ണുവർദ്ധൻ സംവിധാനം ചെയ്യുന്ന നേസിപ്പായ എന്ന സിനിമയുടെ ലോഞ്ചിംഗ് ചടങ്ങിലാണ് താരമെത്തിയത്.

'സാധാരണയായി ‌ഞാൻ ഒരു പരിപാടികളിലും പങ്കെടുക്കാറില്ല. എന്നാൽ ഈ സിനിമ എനിക്ക് സ്‌പെഷ്യലാണ്. കാരണം ഈ സിനിമ എന്റെ സംവിധായകനായ വിഷ്ണുവിന്റേതാണ്. എന്റെ അടുത്ത സുഹൃത്ത് അനുവിന്റെ സിനിമയാണ്. അതിനാൽ തന്നെ ഇതൊരു കുടുംബച്ചടങ്ങ് പോലെയാണ്. എനിക്ക് വരാതിരിക്കാനാവില്ല'- നയൻതാര പറഞ്ഞു.

വിഷ്ണുവർദ്ധൻ സംവിധാനം ചെയ്ത ബില്ല, ആരംഭം എന്നീ സിനിമകളിൽ നയൻതാരയായിരുന്നു നായിക. ഒൻപത് വർഷങ്ങൾക്കുശേഷം വിഷ്ണു സംവിധായകനായി എത്തുന്ന സിനിമയാണ് നേസിപ്പായ. ആകാശ് മുരളിയും അതിഥി ശങ്കറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിഷ്ണുവും നീലൻ ശേഖറും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. സംഗീതം യുവൻ ശങ്കർ രാജ.

Advertisement
Advertisement