25 വർഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞ ഇടവേള ബാബുവിന്റെ പകരക്കാരനെ ഉടൻ അറിയാം; മത്സരരംഗത്ത് മൂന്നുപേർ

Sunday 30 June 2024 12:11 PM IST

കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം എറണാകുളം കലൂരിലെ ഗോകുലം കൺവെഷൻ സെന്ററിൽ ആരംഭിച്ചു. മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് നടക്കുന്നത്.

അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ കഴിഞ്ഞദിവസം തിരഞ്ഞെടുത്തിരുന്നു. ജനറൽ സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ്, നിർവാഹക സമിതിയംഗങ്ങൾ എന്നിവരെ ഇന്നത്തെ പൊതുയോഗത്തിൽ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും.

തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്. കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശപത്രിക നൽകിയെങ്കിലും സഹപ്രവർത്തകരിടപെട്ട് പിന്തിരിപ്പിച്ചെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. മോഹൻലാൽ ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സഹപ്രവർത്തകരുടെ സ്നേഹത്തിന് വഴങ്ങുകയായിരുന്നു. ഉണ്ണി മുകുന്ദന് എതിരുണ്ടായിരുന്നില്ല.

25 വർഷത്തിനുശേഷം ഇടവേള ബാബു സ്ഥാനമൊഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 1994ൽ അമ്മയ്ക്ക് രൂപം നൽകിയതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ബാബു നേതൃത്വത്തിലുണ്ട്. ഇടവേള ബാബു ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, സിദ്ദിഖ്, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും, സെക്രട്ടറി തിരഞ്ഞെടുപ്പിലേക്ക് അനൂപ് ചന്ദ്രൻ, ബാബുരാജ് എന്നിവരും മത്സരിക്കുന്നുണ്ട്.

നിർവാഹക സമിതിയിലേക്ക് അനന്യ, അൻസിബ ഹസൻ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്‌ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവർ മത്സരിക്കും. 11 പേരുള്ള നിർവാഹകസമിതിയിലേക്ക് മൂന്നു വനിതകളുൾപ്പെടെ 12 പേർ മത്സരിക്കും. ഭരണസമിതിയിലെ 17 അംഗങ്ങളിൽ നാലുപേർ വനിതകളാകണമെന്നാണ് അമ്മയുടെ നിയമാവലി.

Advertisement
Advertisement