അടുക്കളയിൽ നിന്ന് വരുന്ന മീൻനാറ്റമാണോ പ്ര‌ശ്‌നം? മിനിട്ടുകൾക്കുള്ളിൽ പരിഹാരം കാണാം, സിങ്കിലെയും ദുർഗന്ധം അകറ്റാം

Sunday 30 June 2024 3:10 PM IST

വൃത്തിയായി വീട് സൂക്ഷിക്കുക എന്നത് വലിയ ഒരു വെല്ലുവിളിയാണ്. അതിനെക്കാൾ വെല്ലുവിളിയാണ് അടുക്കള വൃത്തിയായും സുഗന്ധപൂർണമായും സൂക്ഷിക്കുക എന്നത്. പാചകം ചെയ്യുന്ന സ്ഥലമായതിനാൽ തന്നെ പലതരത്തിലുള്ള മണം ഇവിടെ നിന്ന് വീട്ടിലെ എല്ലാ ഭാഗത്തേക്കും വ്യാപിക്കാറുണ്ട്. അതിൽ ഒന്നാണ് മീൻനാറ്റം.

പലരും അടുക്കളയിൽ വച്ചാണ് മീൻ വൃത്തിയാകുന്നത്. അതിനാൽ തന്നെ മീനിന്റെ ഗന്ധം അടുക്കളയിൽ ആകെ വ്യാപിച്ചിരിക്കും. ഇത് അകറ്റാൻ പലരും റൂം സ്‌പ്രേ അടിക്കാറുണ്ടെങ്കിലും അവ അധികനേരം സുഗന്ധം പരത്തുകയില്ല. അതുപോലെയാണ് സിങ്കിലെ ദുർഗന്ധവും. എന്നാൽ വളരെ എളുപ്പത്തിൽ ഇവയ്ക്ക് പരിഹാരം കാണാൻ കഴിയും. അധികം ചെലവില്ലാതെ ചെയ്യാൻ കഴിയുന്ന ചില പൊടിക്കെെ നോക്കിയാലോ?.

അടുക്കളയിലെ ദുർഗന്ധം ഇല്ലാതാക്കാൻ കറുവപ്പട്ട വളരെ നല്ലതാണ്. ഇതിനായി ആദ്യം കറുവപ്പട്ട വെള്ളത്തിൽ ഇട്ട് നല്ല പോലെ തിളപ്പിക്കുക. ശേഷം ആ വെള്ളം ഉപയോഗിച്ച് അടുക്കള തുടയ്‌ക്കുക. ഇത് അടുക്കളയിൽ നല്ല മണം നൽകുന്നു.

കറ നീക്കം ചെയ്യാൻ വളരെ നല്ലതാണ് നാരങ്ങയും ഉപ്പും. നാരങ്ങയുടെ അസിഡിറ്റി അഴുക്കിനെയും ടെെൽസിലെ കറയെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഉപ്പ് ഒരു മികച്ച സ്‌ക്രബ്ബറാണ്. അടുക്കളയിൽ കറ പിടിച്ച ഭാഗത്ത് ഉപ്പ് വിതറിയ ശേഷം നാരങ്ങ ഉപയോഗിച്ച് സ്ക്രബ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയാം. കറ പൂർണമായും നീങ്ങിയതായി കാണാൻ കഴിയുന്നു.

ആര്യവേപ്പില ഒരു പിടിയെടുത്ത് വെള്ളത്തിൽ തിളപ്പിച്ച ശേഷം അത് ഉപയോഗിച്ച് അടുക്കള തുടയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാനും അടുക്കളയെ വൃത്തിയോടെ സംരക്ഷിക്കാനും സഹായിക്കുന്നു.

Advertisement
Advertisement