തോൽവിയിൽ പരാതിയില്ല, തൃശൂരിൽ തന്നെ കുരുതികൊടുത്തെന്ന് കെ മുരളീധരൻ

Sunday 30 June 2024 3:46 PM IST

തൃശൂർ: തൃശൂരിൽ തന്നെ കുരുതി കൊടുത്തെന്നും കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി കെ മുരളീധരൻ. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോൽവിയിൽ തനിക്ക് പരാതിയില്ലെന്നും കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.


'സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിച്ചപ്പോൾ എനിക്ക് തോൽവിക്ക് നിന്ന് കൊടുക്കേണ്ടി വന്നു. പാർട്ടി അച്ചടക്കം മാനിച്ച് വിഷയത്തിൽ കൂടുതൽ പറയാനില്ല. ഒരു കമ്മീഷണർ വിചാരിച്ചാൽ തൃശൂർ പൂരം അട്ടിമറിക്കാൻ കഴിയുമോ? പൂരം കലക്കിയതിന് പിന്നിൽ കേരള സർക്കാരാണ്. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ചില അന്തർധാരകൾ നടന്നിട്ടുണ്ട്. അത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്തു. മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കലിലടക്കം സിപിഐഎം അനുഭാവികളായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രമക്കേടുകൾ നടന്നു'- മുരളീധരൻ പറഞ്ഞു. തലസ്ഥാനത്ത് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിയുടെ കുഴി തോണ്ടുകയാണെന്നും അദ്ദേഹം വിമർശിച്ചു.


പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. പാലക്കാട്ട് നഗരസഭയിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കമുള്ളത്. അത് മണ്ഡലത്തിന്റെ ഫലത്തെ മാറ്റില്ലെന്നും അദ്ദേഹം കെ മുരളീധരൻ പറഞ്ഞു. അതേസമയം, വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിക്കുവേണ്ടി പ്രചാരണം നടത്തുമെന്നും മുരളീധരൻ മുൻപ് പ്രതികരിച്ചിരുന്നു.

Advertisement
Advertisement