ചട്ടങ്ങളിൽ ജൂലായ് ഒന്ന് മുതൽ മാറ്റം: ഇനി സിം കാർഡ് പോർട്ട് ചെയ്യുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം

Sunday 30 June 2024 4:05 PM IST

ന്യൂഡൽഹി: മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി ജൂലായ് ഒന്ന് മുതൽ നിലവിൽ വരുമെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. സിം സ്വാപ്പ്, സിം റീപ്ലേസ്‌മെന്റ് പോലെയുള്ള തട്ടിപ്പുകൾ തടയുക എന്നീ ലക്ഷ്യം വച്ചാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സിം സ്വാപ്പ് അല്ലെങ്കിൽ റീപ്ലേസ്‌മെന്റ് എന്നാൽ നിലവിലുള്ള വരിക്കാരൻ നഷ്ടപ്പെട്ടതോ പ്രവർത്തിക്കാത്തതോ ആയ സിം കാർഡിന് പകരം ഒരു പുതിയ സിം കാർഡ് ഏറ്റെടുക്കുന്ന പ്രക്രിയയാണ്. ഇത് വഴി രാജ്യത്ത് ഒട്ടേറെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഉപയോക്താക്കൾക്ക് മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യവും തിരഞ്ഞെടുക്കാം. ഇത് ഒരു ആക്സസ് പ്രൊവൈഡറിൽ നിന്ന് മറ്റൊരു ആക്സസ് പ്രൊവൈഡറിലേക്ക് മാറുമ്പോൾ അവരുടെ മൊബൈൽ നമ്പർ മാറാതെ നിലനിർത്താൻ അനുവദിക്കുന്നു.

തട്ടിപ്പുകാരുടെ രീതി
പ്രധാനമായും സിം സ്വാപ്പിംഗ് രീതിയിലാണ് കൂടുതൽ തട്ടിപ്പ് രൂക്ഷമാകുന്നത്. ഇവിടെ യഥാർത്ഥ ഉടമ അറിയാതെ ഫോൺ നമ്പർ മറ്റൊരു സിമ്മിലേക്ക് മാറ്റുകയും അതിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതുമാണ് തട്ടിപ്പുകാരുടെ പ്രധാന രീതി. സിം പ്രവർത്തനരഹിതമായാൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകാൻ ഉപയോക്താവിന് പെട്ടെന്ന് സാധിക്കില്ല. ഈ സൗകര്യവും തട്ടിപ്പുകാർ മുതലെടുക്കുന്നു.

പുതിയ ചട്ടങ്ങൾ
ജൂലായ് ഒന്ന് മുതൽ നിലവിൽ വരുന്ന ചട്ടങ്ങൾ പ്രകാരം, മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിന് യൂണിക് പോർട്ടിംഗ് കോഡിൽ (യുപിസി) വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. നമ്പർ പോർട്ട് ചെയ്യാൻ അപേക്ഷ നൽകിക്കഴിഞ്ഞാൽ അപേക്ഷകന് ലഭിക്കുന്ന കോഡാണ് യുപിസി അതുകൊണ്ട് ഈ കോഡുകൾ നിയന്ത്രിക്കാനാണ് ട്രായ് ലക്ഷ്യമിടുന്നത്.

പുതിയ ചട്ടങ്ങൾ പ്രകാരം, ജൂലായ് ഒന്ന് മുതൽ മൊബൈൽ നമ്പർ മാറ്റാതെ പുതിയ സിം കാർഡ് എടുത്തതിന് ശേഷം ഏഴ് ദിവസം കഴിഞ്ഞതിന് മാത്രമേ യുപിസി നൽകുകയുള്ളൂ. ഇത്തരത്തിൽ കാലതാമസം വരുന്നത് തട്ടിപ്പുകൾ തടയാനും പോർട്ടബിലിറ്റി നടപടിക്രമങ്ങളിൽ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും സഹായകമാകും.

Advertisement
Advertisement