'അവരുടെ വീട്ടിൽക്കയറി ചെല്ലാൻവരെ തോന്നും'; അങ്ങനെ ചെയ്താൽ എന്നെ മോശക്കാരനാക്കി മാറ്റുമെന്ന് ഗോകുൽ സുരേഷ്

Sunday 30 June 2024 5:13 PM IST

മക്കളെ പ്രചോദിപ്പിക്കാൻ വേണ്ടി അച്ഛനൊന്നും ചെയ്യാറില്ലെന്ന് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. അച്ഛന്റെ ജീവിതം കണ്ടുപഠിച്ച് അതിൽനിന്ന് വേണമെങ്കിൽ പ്രചോദനം ഉൾക്കൊള്ളാനാണ് അച്ഛൻ പറയാറുള്ളത്. അച്ഛനിൽ നിന്ന് കണ്ടുപകർന്നാണ് പ്രചോദനം നേടിയിട്ടുള്ളതെന്നും താരപുത്രൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗഗനചാരിയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ മനസുതുറന്നത്.

പക്ഷപാതമില്ലാത്തയാളാണ് സുരേഷ് ഗോപിയെന്നും ഗോകുൽ സുരേഷ് പറ‌‌ഞ്ഞു. 'ജാതി, മതം, രാഷ്ട്രീയം തുടങ്ങി ഒരു കാര്യത്തിലും പക്ഷപാതമില്ലാതെയാണ് പ്രവർത്തിക്കുന്നത്. സത്യസന്ധരായ ആളുകളാണെങ്കിൽ, സത്യസന്ധമായ പ്രശ്‌നമാണെങ്കിൽ അച്ഛൻ അവരെ സഹായിക്കും. രാഷ്ട്രീയപരമായി ചെയ്യാൻ സാധിച്ചില്ലെങ്കിൽ വ്യക്തിപരമായെങ്കിലും ചെയ്യാൻ ശ്രമിക്കും.

ഉണ്ടാക്കുന്ന പൈസയ്ക്കും അപ്പുറം സഹായം ചെയ്യും. നല്ലത് പ്രതീക്ഷിച്ചാണ് ചെയ്തിരുന്നെങ്കിൽ കാണുന്ന എനിക്കൊരു സുഖമുണ്ടാവുമായിരുന്നു. നമ്മൾ ആരോടും ഒന്നും പറയരുതെന്ന് പറയും. ഇതുകാണുമ്പോൾ എനിക്ക് അത്ര സുഖമൊന്നും തോന്നിയിട്ടില്ല. കാരണം അതിന്റെ തിരിച്ചടി ഞാനാണ് കൂടുതൽ വ്യക്തിപരമായി എടുത്തിട്ടുള്ളത്.

കമന്റുകൾക്കും ട്രോളുകൾക്കും എല്ലാത്തിനുമൊന്നും പ്രതികരിക്കാറില്ല. വളരെ ക്രൂരമായ കമന്റുകൾക്കാണ് കൂടുതലും പ്രതികരിക്കാറുള്ളത്. ഞാൻ ഇതിനൊക്കെ മുകളിലാണ്, എന്നെ ഇതൊന്നും ബാധിക്കാറില്ല, നിങ്ങൾ കുരച്ചോളൂ എന്ന ഭാവമായിരിക്കാം അച്ഛന്. ഞാൻ എന്നാൽ അത്ര വലുതല്ല, ഈ കമന്റുകൾ ചെയ്യുന്ന ആൾക്കാരെയൊക്കെ പോലെ സാധാരണക്കാരനാണ്. അവർക്ക് ചുട്ട മറുപടി നൽകാൻ തോന്നും. ചിലപ്പോൾ അവരുടെ വീട്ടിൽക്കയറിച്ചെല്ലാൻ തോന്നും. അങ്ങനെ ചെയ്താൽ മാദ്ധ്യമങ്ങൾതന്നെ എന്നെ മോശക്കാരനാക്കി മാറ്റും'- ഗോകുൽ സുരേഷ് പറഞ്ഞു.

Advertisement
Advertisement