ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളെ അളക്കേണ്ട ,​ സജി ചെറിയാനെതിരെ കെ എസ് യു

Sunday 30 June 2024 8:59 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പത്താം ക്ലാസ് പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ കെ,​എസ്.യു രംഗത്ത്. മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുന്നതാണെന്നും മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളെ അളക്കേണ്ടെന്നും കെ.എസ്.യു വ്യക്തമാക്കി.

മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്ത് വന്നിരുന്നു.

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തി എടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

ആലപ്പുഴയിൽ സ്വകാര്യ സഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ പ്രസംഗിക്കവെയാണ് മന്ത്രി സജി ചെറിയാൻ വിവാദ പ്രസ്താവന നടത്തിയത്. എസ്.എസ്.എൽ.സി ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ അത് സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാരിന് നല്ല കാര്യം. ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതിയോട് ഇണങ്ങിയുളള ജീവിതം കുറഞ്ഞതിനാൽ കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയായി. ഇപ്പോൾ തുടങ്ങിയാൽ പൂട്ടാത്ത സ്ഥാപനം മദ്യവിൽപന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങൾ നാൾക്കുനാൾ പുരോ​ഗമിക്കുന്നുണ്ട്'- മന്ത്രി പറഞ്ഞു.

Advertisement
Advertisement