മോദിക്കൊപ്പം തുടങ്ങിയ യാത്ര 18 വർഷങ്ങൾക്കു ശേഷം വിരമിക്കൽ പ്രഖ്യാപിച്ച് കൈലാഷ്‌നാഥൻ

Monday 01 July 2024 12:10 AM IST

ഗാന്ധിനഗർ: ആനന്ദി ബെൻ പട്ടേൽ, വിജയ് രൂപാനി, ഭൂപേന്ദ്ര പട്ടേൽ തുടങ്ങി നരേന്ദ്ര മോദിക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിക്കസേര പലരും അലങ്കരിച്ചു. എന്നാൽ 18 വർഷമായി മാറ്റമില്ലാതെ ഒരേ പദവി കൈകാര്യം ചെയ്ത ഒരാളെയുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന കെ. കൈലാഷ്‌നാഥൻ.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാനത്തെ ഏറ്റവും ശക്തനായ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ഒരാളുമായ മലയാളി കൂടിയായ കൈലാഷ്‌നാഥൻ വിരമിക്കുകയാണ്.


അധികാര ഇടനാഴികളിൽ കെ.കെ എന്ന ചുരുക്കപ്പേരിലാണ് വടകരക്കാരനായ കൈലാഷ്നാഥൻ അറിയപ്പെടുന്നത്. മോദി മുഖ്യമന്ത്രിയായിരുന്ന 2006 മുതൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. 2013ൽ സർവീസിൽ നിന്ന് വിരമിച്ചെങ്കിലും ഏഴു തവണയാണ് സർക്കാർ സർവീസ് നീട്ടി നൽകിയത്. 1979 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം മോദിക്ക് കീഴിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും ശക്തനായ ബ്യൂറോക്രാറ്റായി അറിയപ്പെട്ടു. സൂറത്ത്, സുരേന്ദ്രനഗർ ജില്ലകളിലെ കലക്ടറായിരുന്നു. 1999-2001 കാലയളവിൽ അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണറായിരുന്നു. ജന്മം കൊണ്ട് മലയാളിയാണെങ്കിലും തമിഴ്നാട്ടിലാണ് വളർന്നത്. മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദവും വെയിൽസ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

വികസനപദ്ധതികളുടെയെല്ലാം മേൽനോട്ടം വഹിച്ചതോടെ മോദിയുടെ വിശ്വസ്തനായി മാറി. 2014ൽ മോദി പ്രധാനമന്ത്രിയായപ്പോൾ കൈലാഷ്‌നാഥനെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുവരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഗുജറാത്തിൽ തന്നെ തുടരുകയായിരുന്നു.

Advertisement
Advertisement