ഡി ബോസ് മുതൽ പട്ടനഗെരെ ഷെഡ് വരെ ദർശൻ ഉൾപ്പെട്ട  കൊലക്കേസ് സിനിമയാക്കാൻ  തിരക്ക്

Monday 01 July 2024 12:27 AM IST

ബംഗളൂരു:കന്നട നടൻ ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും ഉൾപ്പെട്ട കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസ് സിനിമയാക്കാൻ വൻ തിരക്ക്.

സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാൻ വലിയ തിരക്കാണെന്നും അതിനായി സമീപിച്ചവരെ കർണാടക ഫിലിം ചേംബർ തിരിച്ചയച്ചു എന്നും റിപ്പോർട്ടുകൾ വരുന്നു.

പേര് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞദിവസം കർണാടക ഫിലിം ചേംബറിലേക്ക് സംവിധായകരുടേയും എഴുത്തുകാരുടേയും ഒഴുക്കായിരുന്നെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദർശനെ സൂചിപ്പിച്ച് ഡി ഗ്യാങ്,​ ആരാധകർ ദർശനെ വിളിക്കുന്ന 'ഡി ബോസ്' എന്നിവയെല്ലാമാണ് രജിസ്റ്റർ ചെയ്യാനെത്തിയ പേരുകൾ.

രേണുകാസ്വാമിയെ കൊലപ്പെടുത്തിയ സ്ഥലം

ഉദ്ദേശിച്ചുകൊണ്ട് പട്ടനഗെരെ ഷെഡ്,​ നിലവിൽ ദർശനെ പാർപ്പിച്ചിരിക്കുന്ന

പരപ്പന അഗ്രഹാര ജയിലിലെ പ്രിസണർ നമ്പർ 6106 എന്നിവയെല്ലാം പേരുകളുടെ ലിസ്റ്റിലുണ്ട്. 

രണ്ടുവർഷം ആലോചിച്ച പേരാണ് ഡി ഗ്യാങ് എന്ന് തിരക്കഥാകൃത്ത് റോക്കി സോംലി പറഞ്ഞു. അറസ്റ്റുണ്ടായതോടെ ഈ പേര് രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ജൂൺ 9നാണ് രേണുകാസ്വാമിയുടെ മൃതദേഹം ബംഗളൂരു സുമനഹള്ളിയിലെ ഓവുചാലിൽ കണ്ടെത്തിയത്. 11ന് ദർശനും പവിത്രയും ഉൾപ്പെടെ 13 പേരെ അറസ്റ്റുചെയ്തു. പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. പവിത്രയ്ക്ക് സാമൂഹികമാദ്ധ്യമത്തിലൂടെ അശ്ലീല കമന്റുകൾ അയച്ചതിന്റെ വൈരാഗ്യത്തിൽ ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയെന്നാണ് കേസ്. തലയിലുൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേൽപ്പിച്ചിരുന്നു. ഷോക്കേൽപ്പിക്കുകയുംചെയ്തു. മുറിവിൽനിന്ന് രക്തംവാർന്നുപോയതും ഷോക്കേറ്റതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.

Advertisement
Advertisement