ജമ്മു ഭീകരാക്രമണം: 5 ഇടത്ത് എൻ.ഐ.എ. പരിശോധന

Monday 01 July 2024 1:00 AM IST

ശ്രീനഗർ: കറിയാസി ജില്ലയിലെ റാൻസൂവിൽ തീർത്ഥാടകരുടെ ബസിന് നേർക്ക് ഭീകരാക്രമണമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട്

ജമ്മുവിൽ അഞ്ചിടങ്ങളിൽ എൻ.ഐ.എ റെയ്ഡ്. ഭീകരർക്ക് സഹായമെത്തിച്ചവരെയടക്കം കണ്ടെത്താനാണ് ശ്രമം. ഭീകരരുമായി ബന്ധമുള്ളവരിൽനിന്ന് കണ്ടെത്തിയ വസ്തുവകകൾ എൻ.ഐ.എ പിടിച്ചെടുത്തു. പരിശോധനയിൽ ആയുധങ്ങളുൾപ്പെടെ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഭീകരാക്രമണ ഗൂഢാലോചനയേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കുവേണ്ടി ഇവ പരിശോധിച്ചുവരികയാണ്.

മേഖലയിൽ ഭീകരർക്ക് സഹായം നൽകിയിരുന്ന ഹകാം ഖാൻ എന്നയാളെ 19ന് ജമ്മു കാശ്മിർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരർക്ക് സുരക്ഷിതയിടവും ഭക്ഷണം ഉൾപ്പെടെയുള്ളവയും ഹകാം നൽകിയിരുന്നു.

ജൂൺ ഒൻപതിന് കത്രയിലേക്ക് പുറപ്പെട്ട തീർത്ഥാടകരുടെ ബസിന് നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 9 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഭൂരിഭാഗം തീർത്ഥാടകരും. ഇവർ ശിവ് ഖോരി ക്ഷേത്ര സന്ദർശനത്തിനു ശേഷമുള്ള മടക്കയാത്രയിലായിരുന്നു.

Advertisement
Advertisement