പച്ചക്കറിയുടെയും മീൻ,​ ഇറച്ചി വില ഉയർന്നാലും ഇവിടെ ഏശില്ല,​ പത്തിലേറെ വിഭവങ്ങളോടെ 60 രൂപയ്ക്ക് നല്ല നാടൻ ഊണ്

Monday 01 July 2024 1:21 AM IST

ഉദിയൻകുളങ്ങര: പച്ചക്കറി, പലവ്യഞ്ജനം, മീൻ, ഇറച്ചി അങ്ങനെ എല്ലാത്തിനും വിലകൂടിയിട്ടും വിലക്കുറവിൽ വിഭവങ്ങൾ വിളമ്പുകയാണ് തൂശനില മിനി കഫെ.

അമരവിള ദേവേശ്വരം എൻ.എസ്.എസ് വനിതാ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന കഫെ കഴിഞ്ഞ ഒരുവർഷമായി വിലക്കുറവിലാണ് വിഭവങ്ങൾ വിളമ്പുന്നത്. സമന്വതിയുടെ സബ്സിഡിയും ധനലക്ഷ്മി ബാങ്കിന്റെ വായ്പയുമാണ് ഇവരുടെ സംരംഭത്തിന് ഉറവിടം.

ആവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പല ചെറുകിട ഹോട്ടലുകളുടെ നിലനിൽപ്പ് അവതാളത്തിൽ ആകുന്ന സാഹചര്യത്തിലാണ് ഈ ഹോട്ടലിന്റെ പ്രവർത്തനം. 60 രൂപ കൊടുത്താൽ അവിയൽ, തോരൻ, കിച്ചടി/ പച്ചടി, അച്ചാർ എന്നീ കൂട്ടുകളും പരിപ്പ്,​ സാമ്പാർ, രസം, പുളിശ്ശേരി, മീൻ കറി, പപ്പടം, പൊരിച്ച മുളക്, കപ്പ എന്നിവയുടെ അകമ്പടിയോടെ നല്ല നാടൻ ഉണ് ലഭിക്കും. കാറ്ററിംഗ് സർവീസും ഇവർക്കുണ്ട്. അമരവിള ഗണപതികോവിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഈ തൂശനില മിനി കഫെയിൽ സ്ത്രീകൾ മാത്രമാണ്. രാവിലെ 8 മുതലാണ് പ്രവർത്തനം ആരംഭിക്കുക.


 തകർച്ചയുടെ വക്കിൽ

കൊവിഡ് കാലത്ത് വിശക്കുന്നവന് ഭക്ഷണം വിലകുറച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനകീയ ഹോട്ടലുകൾ ഇന്ന് തകർച്ചയുടെ വക്കിലാണ്. പല ഹോട്ടലുകളും നിലവിൽ താഴ് വീഴുകയും ചെയ്തു. 20 രൂപയ്ക്ക് നൽകിയിരുന്ന ഉച്ചയൂണ് 40 രൂപയായി ഇരട്ടിപ്പിച്ചു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരിയാണ് ഇവിടെ ചോറായി ഒരുങ്ങുന്നത്. ഉണിനൊപ്പം നൽകിയിരുന്ന വിഭവങ്ങളുടെ എണ്ണം കുറഞ്ഞു,​ സാമ്പാറിൽ കഷ്ണങ്ങൾ കണ്ടെത്താൻ മുങ്ങിത്തപ്പണം. പല വിഭവങ്ങൾക്കും ചെറിയതോതിലെങ്കിലും വില വർദ്ധിപ്പിച്ചെങ്കിലും ജനകീയ ഹോട്ടലുകൾ ഇന്നും നഷ്ടത്തിൽ തന്നെ.

 നഷ്ടക്കണക്ക് മാത്രം

ജനകീയ ഹോട്ടലുകളിൽ ആവശ്യമായ അരിയും മറ്റ്​ പലചരക്ക് സാധങ്ങളും സപ്ലേകോ വഴിയാണ് നൽകുന്നത്. പിന്നെയും ഊണ് തയ്യാറാക്കാനുള്ള പച്ചക്കറി, മീൻ, മുട്ട തുടങ്ങിയ സാധനങ്ങൾ ഇവർ തന്നെ വാങ്ങണം. ഹോട്ടലുകൾക്ക് ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് ഇവ വാങ്ങേണ്ടത്. കൃത്യമായി ഇവിടുത്തെ ജീവനക്കാർക്ക് ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലും പച്ചക്കറി, മീൻ എന്നിവയ്ക്ക് വില ഏറുന്ന സാഹചര്യത്തിലും ഇതിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

Advertisement
Advertisement