വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഏഴംഗ കുടുംബം ഒഴുക്കിൽപെട്ടു, മൂന്നുപേർക്ക് ദാരുണാന്ത്യം

Monday 01 July 2024 7:04 AM IST

മുംബയ്: ശക്തമായ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഏഴംഗ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇവർ പെട്ടുപോകുകയായിരുന്നു. ഒരു പുരുഷനും സ്‌ത്രീയും കുട്ടിയുമടക്കം അഞ്ച് പേരാണ് ഒഴുക്കിൽപെട്ടത്. ഇവരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരുടേത് കണ്ടെത്താനുണ്ട്. സംഘത്തിലെ രണ്ടുപേർ നീന്തി കരയ്‌ക്കു കയറിയതായാണ് സംഭവം കണ്ടവർ അറിയിക്കുന്നത്.

അവധിക്കാലം ആഘോഷിക്കാനായി മുംബയ്ക്ക് 80 കിലോമീറ്റർ അകലെയുള്ള ലോണാവാലയിലെ ഒരു ഹിൽ‌സ്റ്റേഷനിലെത്തിതായിരുന്നു കുടുംബം. ഇതിനിടെയാണ് ദുരന്തത്തിനിരയായത്. ഭുസി ഡാമിലെ വെള്ളച്ചാട്ടത്തിന് നടുവിൽ ഏഴംഗ കുടുംബം നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.മൺസൂൺ കാലമായതിനാൽ പ്രദേശത്ത് ശക്തമായ മഴയുണ്ടായി. തുടർന്ന് ഡാമിൽ വെള്ളം നിറഞ്ഞതോടെ നീരൊഴുക്ക് വർദ്ധിച്ചു. ഇത് ശക്തമായ വെള്ളപ്പാച്ചിലിന് ഇടയാക്കി. പിന്നാലെയാണ് അപകടമുണ്ടാക്കിയത്.

ഏഴംഗ കുടുംബം ശക്തമായ ജലപാതത്തിൽ നിന്നും രക്ഷപ്പെടാനായി മെല്ലെ കരയിലേക്ക് നീങ്ങുകയായിരുന്നു ഇവർ സഹായത്തിന് ഉറക്കെ വിളിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. എന്നാൽ ഇതിനിടെ നിമിഷങ്ങൾക്കകം ഇവർ ഒഴുക്കിൽ പെടുകയായിരുന്നു. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 1.30ഓടെയാണ് ദാരുണസംഭവമുണ്ടായത്. സംഭവമറിഞ്ഞ് നിമിഷനേരങ്ങൾക്കകം പ്രദേശവാസികളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

പായൽ നിറഞ്ഞ പാറക്കെട്ടിലാണ് കുടുംബം നിന്നിരുന്നതെന്നും ഇവിടെനിന്നും അടിയിലെ പാറക്കൂട്ടത്തിലേക്ക് കാൽവഴുതി വീണതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തെ തുടർന്ന് ഡാം ഭാഗത്തെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് സംശയമുണർന്നു. ഇവിടെ വെള്ളച്ചാട്ടത്തിന് നടുവിൽ വരെ ഫുഡ്‌സ്റ്റാളുകളുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മാത്രമല്ല മതിയായ സുരക്ഷാ ജീവനക്കാരില്ലാത്തതിനാൽ സ്ഥലപരിചയമില്ലാത്ത വിനോദയാത്രികർ അപകടത്തിൽ പെടുന്നത് പതിവാണ്.

Advertisement
Advertisement