വടക്ക്...വടക്ക്...വടക്കേ അറ്റം !

Monday 01 July 2024 7:15 AM IST

ലണ്ടൻ : ഗ്രീൻലൻഡിന്റെ വടക്കൻ തീരത്തായുള്ള ഒരു ദ്വീപാണ് ' ക്വെക്വെർടക് അവന്നാർലെഖ് ". ഗ്രീൻലൻഡിക് ഭാഷയിൽ വടക്കേയറ്റത്തുള്ള ദ്വീപ് എന്നാണ് ഈ പേരിനർത്ഥം. ലോകത്തെ ഏറ്റവും വടക്കേ അറ്റത്തുള്ള കരഭാഗങ്ങളിൽ ഒന്നാണ് ഇവിടം.

ഐസ് വേർപ്പെട്ട് രൂപപ്പെട്ടതെന്ന് കരുതുന്ന ഈ ദ്വീപ് 2021ലാണ് ഗവേഷകർ കണ്ടെത്തിയത്. ഗ്രീൻലൻഡിന് സമീപം ആർട്ടിക് പര്യവേഷണങ്ങളിലേർപ്പെട്ടിരുന്ന ഡാനിഷ് - സ്വിസ് ഗവേഷകർ യാദൃശ്ചികമായാണ് ദ്വീപ് കണ്ടെത്തിയത്. 1978ൽ ഡാനിഷ് സർവേ സംഘം ഊദാഘ് എന്ന ഒരു ദ്വീപ് കണ്ടെത്തിയിരുന്നു. തങ്ങൾ ഈ ദ്വീപിലേക്കാണ് എത്തിയതെന്നാണ് ആദ്യം ഗവേഷകർ കരുതിയത്. ലോകത്തെ ഏറ്റവും വടക്കേ അറ്റത്തുള്ള ദ്വീപായി ഒരു വിഭാഗം കണക്കാക്കുന്നത് ഊദാഘിനെയാണ്.

ഊദാഘിന് വടക്ക് - പടിഞ്ഞാറ് ഭാഗത്ത് 780 മീറ്റർ അകലെയായിട്ടാണ് ക്വെക്വെർടക് അവന്നാർലെഖുകള്ളത്. ദ്വീപിന് ഏകദേശം 30 മീറ്റർ നീളവും മൂന്ന് മീറ്റർ ഉയരവുമുണ്ട്. ദ്വീപിന്റെ ഉപരിതലത്തിൽ കല്ലും മണ്ണുമുണ്ട്. ദ്വീപ് ഏറെക്കാലം നിലനിന്നേക്കില്ലെന്നും സമീപകാലത്ത് തന്നെ കടലിൽ മുങ്ങിയേക്കാമെന്നുമാണ് ഗവേഷകരുടെ നിഗമനം.

ലോകത്തെ ഏറ്റവും വടക്കേ അറ്റത്തുള്ള കരഭാഗം ഏതെന്നതിൽ തർക്കം നിലനിൽക്കുന്നതിനാൽ ഈ ദ്വീപിന് ഇതുവരെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല. ഉത്തര ധ്രുവത്തിൽ നിന്ന് 703.4 കിലോമീറ്റർ അകലെയാണിവിടം. സ്ട്രേ ഡോഗ് വെസ്റ്റ്, കാഫെക്ലൂബൻ തുടങ്ങിയ ഏതാനും ചെറു ദ്വീപുകളാണ് ഭൂമിയുടെ വടക്കേ അറ്റത്തുള്ള കരഭാഗങ്ങളായി അറിയപ്പെടുന്ന മറ്റ് ഇത്തിക്കുഞ്ഞൻ ദ്വീപുകൾ. സ്ഥിരതയും സ്വഭാവവും കണക്കിലെടുത്ത് കാഫെക്ലൂബനെയാണ് ലോകത്തെ ഏറ്റവും വടക്കേ അറ്റത്തുള്ള കര ഭാഗമായി ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞരും അംഗീകരിക്കുന്നത്.

Advertisement
Advertisement