ട്രംപ് പ്രസിഡന്റായാലും ചുമതലകളിൽ നിന്ന് വിട്ടുനിൽക്കാൻ മെലാനിയ

Monday 01 July 2024 7:15 AM IST

വാഷിംഗ്ടൺ : നവംബറിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളുടെ തിരക്കിലാണ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ പ്രസിഡന്റ് ജോ ബൈഡനെ ട്രംപ് പരാജയപ്പെടുത്തിയേക്കുമെന്നാണ് സർവേ ഫലങ്ങൾ. ട്രംപ് ഒരു പക്ഷേ പ്രസിഡന്റായാൽ പ്രഥമ വനിതയുടെ ചുമതലകൾ ഭാര്യ മെലാനിയ ട്രംപ് പൂർണമായും ഏറ്റെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്.

ഇതിനായി ട്രംപും മെലാനിയയും ഒരു ധാരണയിലെത്തിയതായി ചില അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപ് ജയിച്ചാൽ പ്രഥമ വനിതയുടെ മുഴുനീള ഡ്യൂട്ടി ഏറ്റെടുക്കില്ലെന്നാണത്രെ മെലാനിയയുടെ നിലപാട്. മകൻ ബാരൺ ട്രംപിനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് മെലാനിയയുടെ തീരുമാനം. ബാരൺ വൈകാതെ ന്യൂയോർക്ക് സിറ്റിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠനത്തിന് ചേരുമെന്നാണ് വിവരം.

പുതിയ നഗരത്തോടും പുതിയ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ 18കാരനായ ബാരണിനെ സഹായിക്കാൻ മെലാനിയ ആഗ്രഹിക്കുന്നതായും അതിനാലാണ് ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മാസത്തിൽ കുറച്ചുദിവസം ന്യൂയോർക്കിൽ ചെലവഴിക്കാനാണ് മെലാനിയയുടെ പദ്ധതി.

ജൂലായ് 15 മുതൽ ഫോറിഡയിൽ നടക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിലൂടെ ബാരൺ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും മെലാനിയയുടെ ഇടപെടലിനെ തുടർന്ന് തീരുമാനം പിൻവലിച്ചിരുന്നു. 2017 ൽ ട്രംപ് പ്രസിഡന്റായതിന് പിന്നാലെ ബാരണിന്റെ പഠനകാര്യങ്ങൾ മുൻനിറുത്തി വൈ​റ്റ് ഹൗസിലേക്ക് താമസം മാറുന്നത് മെലാനിയ വൈകിച്ചിരുന്നു.

മെലാനിയയ്ക്ക് പകരം ട്രംപിന്റെ മൂത്ത മകൾ ഇവാൻകയാണ് പ്രഥമ വനിതയുടെ ചുമതലകൾ അന്ന് ഏ​റ്റെടുത്തത്. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് 54കാരിയായ മെലാനിയ. ഇവാന ട്രംപ്, മാർല മേപ്പിൾസ് എന്നിവരാണ് ട്രംപിന്റെ മുൻ ഭാര്യമാർ. ഈ ബന്ധങ്ങളിൽ ട്രംപിനുള്ള മക്കളാണ് ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക, എറിക്, ടിഫനി എന്നിവർ.

16ാം വയസിൽ മോഡലിംഗ് കരിയറിന് തുടക്കമിട്ട സ്ലോവേനിയൻ വംശജയായ മെലാനിയ 1996 ലാണ് ന്യൂയോർക്കിലെത്തിയത്. മുൻ ഫാഷൻ മോഡലായ മെലാനിയ സ്പോർട്സ് ഇല്ലുസ്ട്രേറ്റഡ്, വാനിറ്റി ഫെയർ, വോഗ്, ഹാർപേർസ് ബസാർ തുടങ്ങിയ മാഗസിനുകൾക്ക് വേണ്ടി മോഡലായിട്ടുണ്ട്. 1998ലാണ് മെലാനിയ ആദ്യമായി ഡൊണാൾഡ് ട്രംപിനെ കണ്ടുമുട്ടുന്നത്. 2005ൽ ഇരുവരും വിവാഹിതരായി. 2006ലാണ് ട്രംപ് - മെലാനിയ ദമ്പതികളുടെ ഏകമകൻ ബാരൺ ജനിച്ചത്.

Advertisement
Advertisement