പരസ്‌പരം ആക്രമണ ഭീഷണി : ഇറാൻ അർഹിക്കുന്നത് നാശമെന്ന് ഇസ്രയേൽ

Monday 01 July 2024 7:22 AM IST

ടെൽ അവീവ്: ഗാസയിൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ പരസ്പരം ആക്രമണ ഭീഷണി മുഴക്കി ഇസ്രയേലും ഇറാനും. ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇസ്രയേലിനെ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാൻ ഭരണകൂടം നാശം അർഹിക്കുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് തിരിച്ചടിച്ചു. ലെബനനിൽ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേൽ തുറന്ന സൈനിക നടപടി ആരംഭിച്ചാൽ സർവനാശമാകും ഫലമെന്ന് ഇറാന്റെ പ്രതിനിധി യു.എന്നിൽ പ്രതികരിച്ചതിന് പിന്നാലെയാണ് കാറ്റ്സ് രംഗത്തെത്തിയത്.

ഹിസ്ബുള്ള തെക്കൻ ലെബനൻ അതിർത്തിയിൽ നിന്നുള്ള ആക്രമണം തുടർന്നാൽ ഇസ്രയേൽ പൂർണ ശക്തിയോടെ തിരിച്ചടിക്കുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ച നാൾ മുതൽ ഇറാന്റെ പിന്തുണയുമായി ഹിസ്ബുള്ള വടക്കൻ ഇസ്രയേലിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഹിസ്ബുള്ളയുടെ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ 30ഓളം പേർ കൊല്ലപ്പെട്ടു.

ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ 400ലേറെ പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. ഗാസ യുദ്ധം അവസാനിക്കാതെ ഇസ്രയേലിന് നേരെയുള്ള ആക്രമണം നിറുത്തില്ലെന്നാണ് ഹിസ്ബുള്ളയുടെ പക്ഷം. കഴിഞ്ഞ ഏതാനും ദിവസമായി വടക്കൻ ഇസ്രയേലിന് നേരെയുള്ള ഹിസ്ബുള്ള പ്രകോപനം രൂക്ഷമാണ്.

 40 ഹമാസ് ഭീകരരെ വധിച്ചു

ഹമാസിനെതിരെയുള്ള പോരാട്ടത്തിന്റെ 'തീവ്രഘട്ടം " അവസാനിക്കാറായെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടും ഗാസയിൽ ബോംബാക്രമണം തുടർന്ന് ഇസ്രയേൽ. ഹമാസ് ശൃംഖലയെ തകർത്തെന്ന് മാസങ്ങൾക്ക് മുമ്പ് അവകാശപ്പെട്ട വടക്കൻ ഗാസയിലെ പ്രദേശങ്ങളിൽ ഇസ്രയേൽ വീണ്ടും ആക്രമണം തുടങ്ങി.

ഗാസ സിറ്റിയിലെ ഷുജൈയ്യ ജില്ലയിൽ മാത്രം നാല് ദിവസത്തിനിടെ 40 ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ഷുജൈയ്യയിലെ ഭൂഗർഭ ടണലുകളിൽ ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരർ ഒളിവിലുണ്ടെന്ന് ഇസ്രയേൽ പറയുന്നു. നിരവധി ഹമാസ് കേന്ദ്രങ്ങൾ തകർത്തു. വ്യാഴാഴ്ച മുതൽ 60,000 - 80,000 പാലസ്തീനികൾ ഷുജൈയ്യയിൽ നിന്ന് പലായനം ചെയ്തെന്ന് യു.എൻ പറയുന്നു.

 മരണം 37,870

ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 37,870 കടന്നു. ഇന്നലെ തെക്കൻ ഗാസയിലെ റാഫയിൽ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 6 പേർ കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തിൽ ബെയ്റ്റ് ലാഹിയയിൽ നാല് പേരും ഗാസ സിറ്റിയിലെ തുഫായിൽ രണ്ട് പേരും കൊല്ലപ്പെട്ടു. സബ്ര മേഖലയിൽ അപ്പാർട്ട്മെന്റ് സമുച്ഛയം ഇസ്രയേൽ ബോംബിട്ട് തകർത്തു. ഇവിടെ കെട്ടിടങ്ങൾക്കിടെയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Advertisement
Advertisement