'അമ്മ'യുടെ തിരഞ്ഞെടുപ്പിൽ ബെെലോയെച്ചൊല്ലി പ്രതിഷേധം; അവസാനം പിഷാരടിയ്ക്കും  റോണിയ്ക്കും പരാജയം

Monday 01 July 2024 10:04 AM IST

കൊച്ചി: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിനൊടുവിൽ ബെെലോയെച്ചൊല്ലി ബഹളവും പ്രതിഷേധവും. എക്‌സ്ക്യുട്ടീവ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനിടെയാണ് താരങ്ങൾ പ്രതിഷേധിച്ചത്. അവസാനം ബെെലോ ചതിച്ചപ്പോൾ രമേഷ് പിഷാരടിക്കും ഡോ. റോണിക്കും പരാജയം. നാല് വനിതകൾ ഭരണസമിതിയിൽ വേണമെന്നാണ് അമ്മയുടെ നിയമാവലി. ആകെ അഞ്ച് വനിതകളാണ് ഇത്തവണ മത്സരിച്ചത്. ഇവരിൽ രണ്ട് പേർ തോറ്റു.

അതോടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച മൂന്നുപേരും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയായിരുന്നു ജനറൽ ബോഡിയിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും. പക്ഷേ, വരണാധികാരിയായ അഡ്വ. കെ മനോജ് ചന്ദ്രൻ, അനന്യയും ഏഴ് നടന്മാരും ഉൾപ്പെടെ കൂടുതൽ വോട്ട് നേടിയ എട്ടുപേരുടെ പേര് പ്രഖ്യാപിച്ച ശേഷം ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് വനിതകളെ കോ ഓപ്റ്റ് ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.

ഇതോടെ ബാബുരാജ്, അനൂപ് ചന്ദ്രൻ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, ജയൻ ചേർത്തല തുടങ്ങിയവർ എതിർപ്പുയർത്തി. ഉഷ, പ്രിയങ്ക, സരയൂ, കുക്കു പരമേശ്വരൻ എന്നിവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആകെ ബഹളമായി. തുടർന്ന് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ നടനും മുൻ പഞ്ചായത്തംഗവുമായ പിപി കുഞ്ഞികൃഷ്ണൻ നിയമാവലിയെ വ്യാഖ്യാനിച്ച് മുന്നോട്ടുവരുകയും പ്രസിഡന്റ് മോഹൻലാലിനെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു.

എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സരയൂ, അൻസിബ എന്നിവരെ തിരഞ്ഞെടുക്കണമെന്നും ബാക്കി ഒരാളെ കോ ഓപ്റ്റ് ചെയ്യാമെന്നുമായിരുന്നു ഇവരുടെ നിർദേശം. പക്ഷേ വരണാധികാരി ഇവർ രണ്ടുപേരും വോട്ട് നിലയിൽ പിന്നിലാണെന്ന ന്യായമാണ് ഉന്നയിച്ചത്. ഇതോടെ പുതിയ ജനറൽ സെക്രട്ടറി സിദ്ദിഖും വെെസ് പ്രസിഡന്റ് ജഗദീഷും അനുനയനീക്കങ്ങൾ നടത്തി. രണ്ടുപേരെയും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യാൻ ജനറൽബോഡി തീരുമാനിച്ചാൽ മതിയെന്നും ബാക്കിയുള്ള ഒരാളെ നിർദേശിക്കാമെന്നുമാണ് ഇവർ പറഞ്ഞത്.

അതോടെ സരയൂവിന്റെയും അൻസിബയുടെയും പേരുകൾ കെെയടിച്ച് യോഗം പാസാക്കി. ബാക്കിയുള്ള സ്ഥാനത്തേക്ക് ഉഷ, മഞ്ജു പിള്ള, ഷീലു എബ്രഹാം എന്നിവരുടെ പേര് നിർദേശിക്കപ്പെട്ടു. ഒടുവിൽ നിർദേശിക്കപ്പെട്ട പേരുകളിൽ നിന്ന് ഭരണസമിതി ചേർന്ന് കോ ഓപ്റ്റ് ചെയ്യേണ്ട ആളെ കണ്ടെത്തുമെന്ന തീരുമാനം വന്നതോടെ വരണാധികാരി മൂന്ന് വനിതകളുടെ ഉൾപ്പെടെ പത്തുപേരുകൾ പ്രഖ്യാപിച്ചു. പന്ത്രണ്ടുപേരാണ് പതിനൊന്നംഗ എക്‌സ്ക്യുട്ടീവിലേക്ക് മത്സരിച്ചത്. മൂന്ന് വനിതകളെ തിരഞ്ഞെടുക്കപ്പെട്ടതോടെ രമേഷ് പിഷാരടിയും ഡോ. റോണിയും കമ്മിറ്റിയിൽ നിന്ന് പുറത്തായി.

Advertisement
Advertisement