യൂട്യൂബിൽ റീച്ച് കിട്ടണം, യുവാവ് കയറിയത് കൂറ്റൻ ടവറിൽ; ഒടുവിൽ സംഭവിച്ചത്

Monday 01 July 2024 10:54 AM IST

ലഖ്‌നൗ: സോഷ്യൽമീഡിയയിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും അഞ്ച് മണിക്കൂറോളം പരിശ്രമിച്ചതിനുശേഷമാണ് യൂട്യൂബറായ നീലേശ്വറിനെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലായിരുന്നു സംഭവം.

'നീലേശ്വർ22' എന്ന പേരുളള യൂട്യൂബ് ചാനലാണ് യുവാവിനുളളത്. ഇതിൽ നീലേശ്വറിന് 8,87,000 സബ്സ്ക്രൈബർമാരുണ്ട്. സാഹസിക രംഗങ്ങൾ ചിത്രീകരിച്ച് പോസ്​റ്റ് ചെയ്താൽ ചാനൽ വൈറലാകുമെന്ന് കരുതിയാണ് യുാവാവ് ഇത്തരത്തിൽ ചെയ്തത്. ഒരു സുഹൃത്തിനോടൊപ്പമാണ് നീലേശ്വർ ടവറിനടുത്ത് എത്തിയത്.യുവാവ് ടവറിലേക്ക് അതിസാഹസികമായി കയറുന്നത് സുഹൃത്ത് ചിത്രീകരിക്കുകയും ചെയ്തു.

ഇതിനിടയിൽ നീലേശ്വർ ടവറിൽ കുടുങ്ങി പോകുകയായിരുന്നു.സംഭവം കണ്ട പ്രദേശവാസികൾ ടവറിനടുത്തേക്ക് ഓടിക്കൂടി. ഇതോടെ വീഡിയോ ചിത്രീകരിച്ച സുഹൃത്ത് രക്ഷപ്പെടുകയും ചെയ്തു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എകദേശം അഞ്ച് മണിക്കൂർ സമയമെടുത്താണ് നീലേശ്വറിനെ സുരക്ഷിതമായി നിലത്തിറക്കിയത്.

അതേസമയം,സംഭവത്തിൽ പ്രതികരണവുമായി പൊലീസും രംഗത്തെത്തി. സോഷ്യൽമീഡിയയിൽ പ്രശസ്തിക്കുവേണ്ടി ഇത്തരത്തിലുളള കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അടുത്തിടെയായി സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Advertisement
Advertisement