'താരവും പങ്കാളിയും വേർപിരിഞ്ഞോ,​ അൺഫോളോ ചെയ്‌തോ?',​ ഇങ്ങനെ പ്രചരിക്കുന്നതിന് കാരണം ഒരു സ്വഭാവമാണ്

Monday 01 July 2024 1:27 PM IST

നമുക്ക് ചുറ്റും പലതരത്തിലുള്ള സ്വഭാവമുള്ള മനുഷ്യരുണ്ട്. നന്നായി പെരുമാറുന്നവരും മോശമായി പെരുമാറുന്നവരും അതിലുണ്ട്. എന്നാൽ ഏതൊരു നാട്ടിലും മിക്കവാറുംപേരിലും കാണാവുന്ന ഒരു വേണ്ടാത്ത സ്വഭാവവും ശ്രദ്ധിച്ചാൽ നമുക്കറിയാനാകും. ഗോസിപ്പ് അഥവാ പരദൂഷണം പറയാനോ കേൾക്കാനോ ഒക്കെ ഉള്ള താൽപര്യമാകും അത്.

ഹാലോവൽ സെന്റേഴ്‌സ് സ്ഥാപകനും പ്രശസ്‌ത മനോരോഗ വിദഗ്ദ്ധനുമായ ഡോ.നെഡ് ഹാലോവെൽ പറയുന്നതനുസരിച്ച് യഥാർത്ഥമോ സാങ്കൽപ്പികമോ ആയ വിവരങ്ങൾ അനുമതിയോടെയോ ഇല്ലാതെയോ രണ്ടുപേർ ചേ‌ർന്ന് പങ്കുവയ്‌ക്കുന്നതാണ് ഗോസിപ്പ് പറയുക അഥവാ പരദൂഷണം പറയുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് രണ്ടുപേർ ചേർന്ന് മൂന്നാമതൊരാളെക്കുറിച്ച് അവലോകനം നടത്തി പറയുന്ന രീതിയാണിത്. ഇത്തരത്തിൽ ചർച്ച ചെയ്യുന്ന പല വിവരങ്ങളും ആ വ്യക്തിയ്‌ക്ക് അപകടകരമാകാം എന്നാൽ ചിലപ്പോൾ അത് ബാധിക്കുന്നയാൾക്ക് ഉപകാരപ്രദവും ആകാറുണ്ട്.

ലോകം പരസ്‌പരം വിവരങ്ങൾ കൈമാറുന്നതിന് ബന്ധപ്പെടാൻ എപ്പോഴും ആഗ്രഹിക്കുന്നുണ്ട്. ചില ഗോസിപ്പിലൂടെ അത് സാധിക്കും. എന്നാൽ ചിലപ്പോൾ ഗോസിപ്പ് യാഥാർത്ഥ്യമാണെന്ന് ആളുകൾ വിശ്വസിക്കുന്നത് ആരെക്കുറിച്ചാണോ പറയുന്നത് അവർക്ക് ദോഷമായി വരാം.

മദ്ധ്യകാലഘട്ടങ്ങളിൽ ലോകം പുരുഷാധിപത്യ സമൂഹമായിരുന്നു. അക്കാലത്ത് വ്യാപാരം, കരകൗശലം അങ്ങനെ പല മേഖലകളിൽ നിന്നും സ്‌ത്രീകൾ ഒഴിവാക്കപ്പെട്ടിരുന്നു. ഇക്കാലത്ത് പരദൂഷണക്കാരായ സ്‌ത്രീകൾക്ക് ശിക്ഷയുമുണ്ടായിരുന്നു. സ്‌കോൾഡ് ബ്രൈഡിൽ എന്ന മാസ്ക്‌ പോലുള്ള ഒരുപകരണം മുഖത്ത് ഘടിപ്പിക്കും. ഇത് അലോസരപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായിരുന്നു. തലയ്‌ക്ക് മുകളിലൂടെ ധരിക്കുന്ന ഇത് സംസാരിക്കുന്നതിൽ നിന്നും പിന്തിരിയാൻ സ്‌ത്രീകളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് നിർമ്മിച്ചത്.

പണ്ടുകാലത്ത് സ്‌ത്രീകൾ മാത്രമാണ് പരദൂഷണം ചെയ്‌തിരുന്നതെന്ന് വിശ്വസിച്ചിരുന്നെങ്കിൽ സ്‌ത്രീയും പുരുഷനും സമമായ രീതിയിലാണ് ഇക്കാര്യത്തിൽ പങ്കെടുക്കുന്നതെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 2019ൽ സോഷ്യൽ സൈക്കോളജി ആന്റ് പേഴ്‌സണാലിറ്റി സയൻസ് എന്ന പ്രസിദ്ധീകരണത്തിൽ സ്‌ത്രീയും പുരുഷനും പ്രതിദിനം 52 മിനിട്ടോളം ഗോസിപ്പിനായി ചിലവാക്കുന്നതായി കണ്ടെത്തി.

സെലിബ്രിറ്റികളെക്കുറിച്ച് പരദൂഷണം പറഞ്ഞ് സംതൃപ്‌തിയടയുന്നവരും സമൂഹത്തിലുണ്ട്. ഇത് അസൂയ കൊണ്ടോ നമ്മെക്കാൾ സ്വാധീനമുള്ളവരെ നേർവഴിക്ക് നയിക്കാൻ ഉള്ള താൽപര്യത്താലോ ആകാമെന്നാണ് വിദഗ്ദ്ധ അഭിപ്രായം. ചിലരുടെ വിവാഹവും വിവാഹമോചനവും ജീവിത പരാജയവുമെല്ലാം വലിയ ചർച്ചയാകുന്നത് അതുകൊണ്ടാണ്.

പൊതുവെ പരദൂഷണം പറഞ്ഞുപരത്തുന്നവരെ പല തരക്കാരായി തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗക്കാർ ഭീരുക്കളാണ്. ഒരു കാര്യം കേട്ടാൽ അത് സത്യമെന്നറിാൻ നല്ല വ്യക്തിത്വമുള്ളവർ നേരിട്ടന്വേഷിക്കും.എന്നാൽ ഭീരുക്കൾ രണ്ടാമതൊന്ന് ചിന്തിക്കാതെ കേട്ടത് പറഞ്ഞുപരത്തും.

ചിലർ മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറഞ്ഞുപരത്തുമ്പോൾ അത്തരക്കാരെ ഒഴിവാക്കണം എന്ന് നമുക്ക് തോന്നാറുണ്ട്. അന്യരുടെ ജീവിതത്തിൽ നല്ലത് വരുന്നത് ഇഷ്‌ടമല്ലാത്ത സാഡിസ്റ്റ് സ്വഭാവമുള്ളവരും പരദൂഷണം പ്രചരിപ്പിക്കും.

ഉത്‌കണ്ഠാ രോഗമുള്ളവരും ഇത്തരത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കാൻ ഇടയുള്ളവരാണ്. ജീവിതത്തിൽ നല്ലത് കാണാൻ കഴിയാത്ത ഇവർ കൂടുതൽ പരദൂഷണം പറഞ്ഞുപരത്തിയേക്കും.

പരദൂഷണത്തിൽ പെട്ടുപോയാൽ അതിനെ മറികടക്കുവാൻ ഒരാൾക്ക് ചില വഴികളുണ്ട്. അവയെ ഒഴിവാക്കുക എന്നതാണ് ഒന്നാമത്തേത്. മറ്റൊന്ന് ഈ പറയുന്ന വിമർശനത്തിലെ പോസിറ്റീവ് വശം എടുക്കുക എന്നതാണ്. ഗോസിപ്പിനെ നേരിടുകയും പരദൂഷണം പ്രചരിപ്പിക്കുന്നവരോട് നേരിട്ട് സംസാരിക്കുകയും ചെയ്യുന്നതിലൂടെയോ അത് മറക്കുന്നതിലൂടെയോ ഗോസിപ്പിനെ ഒരു പരിധിവരെ അകറ്റാം.

Advertisement
Advertisement