വികസനത്തിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ കുറച്ച് പടവലങ്ങ നടുന്നത് അപരാധമാണോ?

Monday 01 July 2024 2:53 PM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിൽ ട്രിഡയുടെ നേതൃത്വത്തിൽ കൃഷി തുടങ്ങിയതിനെതിരെ സ്ഥലത്തെ വ്യാപാരികൾ രംഗത്ത്. ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസത്തിനായി കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ഇതിനെതിരെ വ്യാപാരികൾ പ്രതിഷേധ ബോർഡ് സ്ഥാപിക്കുകയും ചെയ്‌തു.

എന്നാൽ, വികസനത്തിന് ഏറ്റെടുത്ത ഭൂമിയിൽ കൃഷി ചെയ്യുന്നത് അപരാധമോ എന്നാണ് സ്ഥലം എംഎൽഎ വി.കെ പ്രശാന്ത് ചോദിക്കുന്നത്. നിർമാണ ഘട്ടത്തിന് പ്ലാനും അനുമതികളും ടെൻഡർ നടപടികളും പൂർത്തിയാകുന്ന സമയത്താണ് ഓണം ലക്ഷ്യമിട്ടുകൊണ്ട് പച്ചക്കറി കൃഷിയും, പൂക്കൃഷിയും ആരംഭിക്കുന്നതെന്ന് പ്രശാന്ത് പറയുന്നു.

വി.കെ പ്രശാന്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്-

''വട്ടിയൂർക്കാവ് വികസനം
വികസനത്തിന് ഏറ്റെടുത്ത ഭൂമിയിൽ കൃഷി ചെയ്യുന്നത് അപരാധമോ ??
വികസനത്തിനെതിരെ നിലപാടുള്ളവർക്ക് എതിർക്കാൻ ഒരു കാരണം വേണം
ആദ്യം വികസനം നടക്കില്ല പറച്ചിൽ മാത്രമേ ഉള്ളൂ എന്നായിരുന്നു ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞപ്പോൾ ഇവർക്ക് മിണ്ടാട്ടം മുട്ടി,
മിണ്ടാട്ടം മുട്ടിയവരുടെ പുതിയ ചോദ്യം ഏറ്റെടുത്ത ഭൂമിയിൽ 'പടവലങ്ങ കൃഷിയോ നിർമാണ ഘട്ടത്തിന് പ്ലാനും അനുമതികളും ടെൻഡർ നടപടികളും പൂർത്തിയാകുന്ന സമയത്ത് ഓണം ലക്ഷ്യമിട്ട് "നമ്മുടെ ഓണം നമ്മുടെ പച്ചക്കറി നമ്മുടെ പൂവ് " പദ്ധതി ഇട്ടു. ഈ സമയം കൊണ്ട് നിർമാണവും ആരംഭിക്കും വ്യാപാരികളിൽ പുനരധിവാസം ആവശ്യപ്പെട്ടത് അറുപതോളം പേരാണ് . അവരുടെ പുനരധിവാസ ഷോപ്പ് നിർമ്മാണം ആഗസ്റ്റിൽ ആരംഭിക്കും ..
വട്ടിയൂർക്കാവ്കാരുടെ 40 വർഷത്തെ കാത്തിരിപ്പ് എൽഡിഎഫ് ഗവർമെൻറ് സാർത്ഥകമാകും ....
കുത്തി തിരുപ്പുകാർക്ക് നല്ല നമസ്കാരം''

660 കോടി രൂപയാണ് പദ്ധതിച്ചെലവ്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തോടൊപ്പം മണ്ണറക്കോണം ജംഗ്ഷനുമായി കൂടിച്ചേരുന്ന പേരൂർക്കട, വഴയില, ശാസ്തമംഗലം എന്നീ 3 റോഡുകൾ വീതി കൂട്ടുന്നതാണ് പദ്ധതി. പുനരധിവാസത്തിനായി പേരൂർക്കട വില്ലേജിലാണ് ഭൂമി ഏറ്റെടുക്കുക. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് പുനരധിവാസ പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നത്. വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വട്ടിയൂർക്കാവ് ജംഗ്ഷനിൽ ബസ് ടെർമിനൽ ഉൾപ്പെടുന്ന ബഹുനില കെട്ടിടം നിർമ്മിക്കും.

വട്ടിയൂർക്കാവ്, മണ്ണറക്കോണം, തോപ്പുമുക്ക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ബസ് ടെർമിനലിലേയ്ക്ക് മാറ്റും. പുളിയറക്കോണം, കുലശേഖരം, നെട്ടയം ഭാഗങ്ങളിലേക്കുള്ള ബസുകൾ ടെർമിനൽ വഴി പോകുന്നവിധത്തിൽ സർവീസുകൾ ക്രമീകരിക്കും. വിനോദത്തിനായി പാർക്ക്,നടപ്പാതകൾ എന്നിവയും പദ്ധതിയിലുണ്ട്.

Advertisement
Advertisement