'മോഹൻലാൽ ഉൾപ്പെടെ ആഗ്രഹിച്ചു, പൃഥ്വിയെയും കുഞ്ചാക്കോയെയും സമീപിച്ചു, എന്നാൽ...' അമ്മയിൽ നടന്നത് വിവരിച്ച് ജഗദീഷ്

Monday 01 July 2024 2:59 PM IST

കൊച്ചി: ഇത്തവണ അമ്മയിൽ യഥാർത്ഥത്തിൽ ഒരു തലമുറ മാറ്റമായിരുന്നു എല്ലാവരും ആഗ്രഹിച്ചതെന്ന് നടൻ ജഗദീഷ്. കഴിഞ്ഞദിവസം കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ജഗദീഷിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഒരു മാദ്ധ്യമത്തിനോടായിരുന്നു നടന്റെ പ്രതികരണം.

'പാനൽ തീരുമാനിക്കുന്നതിൽ ഒരഭിപ്രായ ഭിന്നതയും ഉണ്ടായിട്ടില്ല. യഥാർത്ഥത്തിൽ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും ഒരു തലമുറ മാറ്റം ആഗ്രഹിച്ചിരുന്നു. ഇടവേള ബാബുവൊക്കെ ആഗ്രഹിച്ചതും അതായിരുന്നു. പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊക്കെ ഭരണസമിതിയിൽ വന്നാൽ നന്നായിരിക്കുമെന്ന് കരുതി. എന്നാൽ അവരൊന്നും സന്നദ്ധരായില്ല. ഇതോടെയാണ് മോഹൻലാൽ സ്വയം മുന്നോട്ടുവന്നത്. സത്യത്തിൽ ഞങ്ങളൊക്കെ നിർബന്ധിച്ചുവെന്ന് പറയാം. പുതുതലമുറയുടെ തിരക്കായിരിക്കും അവരെ പിന്നോട്ട് വലിക്കുന്നത്. ഒരുപക്ഷേ കൂടുതൽ സമയം വിനിയോഗിക്കാൻ ആവില്ലെന്ന ചിന്ത കൂടിയാകാം. കുറച്ചുകൂടെ കഴിയുമ്പോൾ പദവികൾ ഏറ്റെടുക്കാൻ അവർ തയ്യാറാവും. എന്തായാലും അമ്മ മുന്നോട്ട് പോയെ പറ്റുകയുള്ളൂ'- നടൻ വ്യക്തമാക്കി.

ഭരണസമിതിയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും ജഗദീഷ് സംസാരിച്ചു. 'ബൈലോ പ്രകാരം നാല് സ്ത്രീകൾ ഭരണസമിതിയിലുണ്ടാകണം. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മത്സരിച്ച സ്ത്രീകൾ പരാജയപ്പെട്ടിരുന്നു. മൂന്ന് പേർ മാത്രമാണ് മത്സരിച്ചത്. ഒരാളെ കോ ഓപ്‌റ്റ് ചെയ്യണം. മത്സരിച്ച രണ്ടുപേർ വിജയിച്ചിരുന്നുവെങ്കിൽ രണ്ടുപേർക്കെ സാദ്ധ്യതയുള്ളൂ. ഇപ്പോൾ മൂന്നുപേരെയും ഉൾപ്പെടുത്താനാണ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഭരണസമിതിയെ സംബന്ധിച്ചിടത്തോളം എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് താത്‌പര്യം'- ജഗദീഷ് പറഞ്ഞു.

Advertisement
Advertisement