ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി.കണ്ടക്ടർക്കു നേരെ അസഭ്യവർഷം

Tuesday 02 July 2024 2:08 AM IST

അടൂർ: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്കു നേരെ അസഭ്യവർഷം നടത്തിയ കൊല്ലം കൊട്ടാരക്കര മൈലം എസ്.ജി.കോട്ടേജിൽ ഷിബുവിനെതിരെ അടൂർ പൊലീസ് കേസെടുത്തു. അടൂർ ഡിപ്പോയിലെ കായംകുളം-അടൂർ റൂട്ടിൽ ഓടിയിരുന്ന കെ.എസ്.ആർ.ടി.സി.ബസിലെ മനീഷ് എന്ന കണ്ടക്ടറെയാണ് ഷിബു അസഭ്യം വിളിച്ചതും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതും.സംഭവം യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യം പിന്നീട് സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിച്ചു. ശനിയാഴ്ച രാത്രി 8.40ന് പഴകുളം ഭാഗത്തായിരുന്നു സംഭവം. കായംകുളത്തു നിന്നും പുറപ്പെട്ടതായിരുന്നു ബസ്. ചാരുംമൂട് കഴിഞ്ഞപ്പോൾ ടിക്കറ്റ് മിഷ്യനിലെ ടിക്കറ്റിന്റെ കണക്കും ബസിലെ യാത്രക്കാരുടെ കണക്കും തമ്മിൽ വ്യത്യാസമുണ്ടായി. തുടർന്ന് കണ്ടക്ടർ ഓരോ യാത്രക്കാരുടെയും അടുത്തെത്തി വീണ്ടും ടിക്കറ്റ് എടുത്തിരുന്നോ എന്ന് അന്വേഷിച്ചു. ഇതിനിടയിൽ ടിക്കറ്റ് എടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി.ബസിലെ യാത്രികനായ ഷിബു കണ്ടക്ടർക്കു നേരെ തിരിയുകയായിരുന്നു. തനിക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചോ എന്ന് പരിഹസിച്ചതായും മന്ത്രി ഗണേഷ് കുമാറിന്റെ പി.എ.ടിക്കറ്റിന്റെ പണം കൊണ്ടു തരുമെന്നും തന്നോട് ഷിബു പറഞ്ഞതായി കണ്ടക്ടർ മനീഷ് പറയുന്നു. കണ്ടക്ടറോട് മോശമായി പെരുമാറുന്നത് കണ്ട മറ്റൊരു യാത്രക്കാരൻ പ്രശ്നത്തിൽ ഇടപ്പെട്ടെങ്കിലും അയാളെയും ഷിബു മർദ്ദിക്കാൻ ശ്രമിച്ചതായും മനീഷ് വ്യക്തമാക്കി.

Advertisement
Advertisement