ജുമി ലഹരിയുടെ തോഴി പൊലീസ് ഉദ്യോഗസ്ഥനെ പോക്‌സോകേസിൽ കുടുക്കി
ആലപ്പുഴ: ലഹരികടത്ത് കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ പുന്നപ്ര സ്വദേശിനി ജുമി (24), വിദ്യാത്ഥിയായിരുന്നപ്പോൾ തന്നെ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ്.
കുട്ടിക്കാലത്ത് കൊലക്കേസിൽ പ്രതിയായി പിതാവ് ജീവപര്യന്തം ജയിലായതോടെ
മുത്തച്ഛന്റെയും അമ്മുമ്മയുടെയും സംരക്ഷണയിലാണ് ജുമി വളർന്നത്. 2016ൽ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം കാട്ടിയ ജുമിയെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ച് നാട്ടുകാർ സ്റ്റേഷൻ ഉപരോധിച്ചിരുന്നു. അയൽവാസിയായ സ്ത്രീയെ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ ജുമിയുമായി പരിചയപ്പെട്ട എസ്.ഐയെ പിന്നീട് ചില യുവാക്കളുമായി ചേർന്ന് പോക്‌സോ കേസിൽ കുടുക്കിയതായും പൊലീസ് പറഞ്ഞു. കോടതിയിൽ ജുമിയോ കുടുംബമോ ഹാജരായില്ല. ഉദ്യോഗസ്ഥൻ വിരമിച്ചു. കേസ് കോടതിലാണ്. കരുനാഗപ്പള്ളി സ്വദേശിയുമായി അടുപ്പത്തിലായ ജുമി, പിന്നീട് ഭിന്നതയിലായി. ജുമിയുടെ ലഹരി ഇടപാടുകളെല്ലാം കൊച്ചി കേന്ദ്രീകരിച്ചായിരുന്നു.
എസ്.ഐയുമായുള്ള കേസിനെ തുടർന്ന് നാടുവിട്ട ജുമി, ഇടക്കിടെ അമ്മുമ്മയെ കാണാൻ പുന്നപ്രയിലെ വാടക വീട്ടിൽ ആഡംബര വാഹനങ്ങളിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.എന്നാൽ, ആറ് മാസം മുമ്പ് പുന്നപ്രയിൽ നിന്ന് അമ്മുമ്മയെ മാറ്റിയതോടെ വീട്ടിൽ ഇപ്പോൾ ആരുമില്ലെന്നാണ് പൊലീസ് പറയുന്നത്. പുന്നപ്രയിൽ നിന്ന് പോയ ജുമി ലഹരി സംഘത്തിന്റെ കാരിയറായി പ്രവർത്തിക്കുകയായിരുന്നു.
ലഹരികടത്ത്
ടൂറിസ്റ്റ് ബസിൽ
പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട്ടിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ രണ്ടു കോടിയിലധികം രൂപ വിലവരുന്ന മാരക ലഹരിമരുന്നുകൾ കണ്ടെടുത്തിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജുമി ഉൾപ്പെട്ട സംഘം പിടിയിലായത്. ഒന്നാം പ്രതി നിലമ്പൂർ സ്വദേശി ഷൈൻ ഷാജിയെ ബാംഗ്ളൂരൂവിൽ നിന്നും രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടി. ബാംഗ്ളൂരുവിൽ നിന്ന് ഷൈൻ ഷാജിക്കൊപ്പം
എം.ഡി.എം.എ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത് ജുമിയായിരുന്നു. ഇത്തരത്തിൽ ടൂറിസ്റ്റ് ബസുവഴി മയക്കുമരുന്ന് കടത്താൻ ഷൈൻ, നിരവധി തവണ ജുമിയെ ഉപയോഗിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.