യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: രണ്ട് പേർ അറസ്റ്റിൽ
പെരുമ്പാവൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചേലാമറ്റം ഒക്കൽ വല്ലംപഞ്ചായത്ത് കിണറിന് സമീപം സ്രാമ്പിക്കൽവീട്ടിൽ ഹാദിൽഷ ആദിൽഷ (28), മാറമ്പിള്ളി പള്ളിപ്രം മൗലൂദ്പുര ഭാഗത്ത് മുണ്ടയ്ക്കൽവീട്ടിൽ റസൽ (28) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് (മമ്മു) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെങ്ങോല ആശാരിമോളം നാസ്‌വേ ബ്രിഡ്ജിനു സമീപം കാറിൽ വന്നിറങ്ങിയ പ്രതികൾ ആശാരിമോളം സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിനുശേഷം നോർത്ത് ഇന്ത്യയിലേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. റസലിന്റെ പക്കൽനിന്ന് മൂന്നു ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. മയക്കുമരുന്ന് കൈവശംവച്ചതിനും റസലിനെതിരെ കേസെടുത്തു. ഹാദിൽഷാ യ്ക്ക് പെരുമ്പാവൂർ, പാലാരിവട്ടം സ്റ്റേഷനുകളിലായി വധശ്രമം. മയക്കുമരുന്ന്, അടിപിടി, കവർച്ച തുടങ്ങി പതിനാറു കേസുകൾ ഉണ്ട്. ഇയാളെ രണ്ടുപ്രാവശ്യം കാപ്പപ്രകാരം നാടുകടത്തിയിട്ടുള്ളതാണ്. റസലിന് എറണാകുളം സെൻട്രൽ, തൃക്കാക്കര , എറണാകുളം നോർത്ത് , ഇൻഫോപാർക്ക് , പെരുമ്പാവൂർ തുടങ്ങിയ സ്റ്റേഷനുകളിലായി ആറ് മയക്കുമരുന്ന് കേസുകളുണ്ട്.
അന്വേഷണസംഘത്തിൽ എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ ഹണി കെ ദാസ്, എസ്.ഐമാരായ പി.എം.റാസിക്ക്, റെജിമോൻ, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, എ.കെ. സലിം ബാലാമണി, എസ്.സി.പി.ഒമാരായ സി.കെ. മീരാൻ, കെ.എ. അഫ്സൽ, മുഹമ്മദ് ഷാൻ, സി.പി.ഒ ബെന്നി ഐസക് എന്നിവർ ഉണ്ടായിരുന്നു.