തോരാക്കണ്ണീർ തീരാതെ കടലോരം

Tuesday 02 July 2024 12:32 AM IST

വേനൽക്കാലമായാലും വർഷക്കാലമായാലും കടൽ മക്കൾക്ക് കണ്ണീരൊഴിഞ്ഞ് നേരമില്ല. കൂനിന്മേൽകുരു എന്നു പറയുന്നതുപോലെ ഒന്നിനു പിന്നാലെ മറ്റൊന്നായി കടലിന്റെ മക്കൾക്ക് ദുരിതങ്ങൾ മാത്രം ബാക്കിയാവുകയാണ്. അസാധാരണമായി മീനുകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതിനിടെയാണ് മഴക്കാലത്ത് ഉണ്ടാകുന്ന കടൽക്ഷോഭവും കള്ളക്കടൽ പ്രതിഭാസവും. കടൽ കരയിലേക്ക് ഇരച്ചുകയറി വീടുകളും റോഡുകളും തകരുന്നതും വലിയ പ്രതിസന്ധിയാണ് സൃഷടിക്കുന്നത്. കഴി‌ഞ്ഞ ദിവസം കടൽക്ഷോഭത്തിൽ ചാവക്കാട് കടപ്പുറത്ത് കെട്ടിടം തകർന്നു വീണിരുന്നു. കടൽഭിത്തി നിർമ്മിക്കാത്തതാണ് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടൽ കരയിലേക്ക് ഇരച്ചുകയറിയിരുന്നു. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും കടലേറ്റ ഭീഷണിയിലാണ്. ചിലയിടങ്ങളിൽ പി.ഡബ്ല്യു.ഡി റോഡും കടലും തമ്മിലുള്ള ദൂരം 10 മീറ്റർ മാത്രമേയുള്ളൂ. കടപ്പുറം, ഏറിയാട് ഭാഗത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതാണ്. രണ്ടു പഞ്ചായത്തുകൾക്കായി നാലുലക്ഷം രൂപ വീതം അടിയന്തര പ്രവർത്തനങ്ങൾക്കായി അനുവദിച്ചിരുന്നു.

കടലിൽ കുടുങ്ങുന്നവരുമേറെ

മത്സ്യബന്ധനത്തിന് പോയി എൻജിൻ നിലച്ചും ബോട്ട് മറിഞ്ഞും കടലിൽ കുടുങ്ങുന്നവരുമേറെയാണ്. കഴിഞ്ഞ ദിവസം അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്നും മത്സ്യബന്ധനത്തിന് പോയി എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടെത്തി രക്ഷിച്ച് കരയിലെത്തിച്ചിരുന്നു. വലപ്പാട് സ്വദേശികളായ 50 മത്സ്യത്തൊഴിലാളികളെയാണ് ശക്തിയായ കാറ്റിലും മഴയിലും കരയിലെത്തിച്ചത്. ഇതിനിടെ ​കൂ​രി​ക്കു​ഴി​ ​ക​മ്പ​നി​ക്ക​ട​വി​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ​ ​വ​ള്ളം​ ​മ​റി​ഞ്ഞ് ​മൂ​ന്ന് ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​പ​രി​ക്കേൽക്കുകയും ചെയ്തു.​ മീ​ൻ​പി​ടി​ത്ത​ത്തി​നാ​യി​ ​ക​ര​യി​ൽ​ ​നി​ന്നും​ ​ക​ട​ലി​ലേ​ക്ക് ​ഇ​റ​ക്ക​വേ​ ​ശ​ക്ത​മാ​യ​ ​തി​ര​മാ​ല​യി​ൽ​പെ​ട്ട് ​വ​ള്ളം​ ​മ​റി​യുകയായിരുന്നു.​ ​ ​എ​ൻ​ജി​നും ​വ​ള്ള​ത്തി​നും​ ​കേ​ടു​പാ​ടു​ണ്ടാ​യി.

കാലപ്പഴക്കമുളള യാനങ്ങൾ

വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തതും കാലപ്പഴക്കം ചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിന് പോകുന്നതും മൂലം കടലിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ഒരാഴ്ചക്കിടെ നാലാമത്തെ യാനമാണ് ഇത്തരത്തിൽ കടലിൽ അകപ്പെടുന്നത്. ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണ്.

സജീവമായി

അനധികൃത മീൻപിടുത്തം

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങൾ മൺസൂൺകാല ട്രോളിംഗ് നിരോധന നിയമങ്ങൾ ലംഘിച്ചുള്ള മീൻപിടിത്തവും കേരള തീരങ്ങളിൽ വ്യാപകമാണ്. പരിശോധനകൾ ശക്തമാണെന്ന് പറയുമ്പോഴും അനധികൃത മീൻപിടിത്ത സംഘങ്ങൾ സജീവമായി തുടരുകയാണ്. വ്യാജ കളർകോഡ് അടിച്ച തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള യാനങ്ങൾ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കൂട്ടമായി എത്തിയ വള്ളങ്ങളാണ് കേന്ദ്ര സർക്കാർ നിഷ്‌കർച്ച പച്ച കളർകോഡ് മാറ്റി കേരള യാനങ്ങൾക്ക് അനുവദിച്ച നീല കളർകോഡ് അടിച്ച് കേരള വള്ളങ്ങൾ എന്ന വ്യാജേന മത്സ്യബന്ധനത്തിന് ഒരുക്കിയത്. കന്യാകുമാരി കൊളച്ചൽ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള യാനങ്ങളാണ് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ബ്ലാങ്ങാട് നിന്ന് എട്ട് എഞ്ചിനുകളും യാനങ്ങളും പിടിച്ചെടുത്തത്. യാനങ്ങൾക്ക് പിഴയിനത്തിൽ 60,000 രൂപയും ചുമത്തി. ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കെ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള തീരക്കടലിലും ആഴക്കടലിലും നിരീക്ഷണം ശക്തമാണെന്നാണ് അധികൃതർ പറയുന്നത്. ഇതെല്ലാം മറികടന്നാണ് കന്യാകുമാരി ഭാഗത്ത് നിന്ന് വന്ന മൂന്ന് ഫൈബർ വഞ്ചികൾ ചാവക്കാട് ബ്ലാങ്ങാട് പിടിച്ചെടുത്തത്. ട്രോളിംഗ് നിരോധന സമയത്ത് ഇതര സംസ്ഥാന ബോട്ടുകൾ, വഞ്ചികൾ, വള്ളങ്ങൾ എന്നിവ ജില്ലയുടെ തീരത്ത് മീൻപിടിക്കാനും മീൻ ഇറക്കാനും പാടില്ലെന്നാണ് നിയമം. ഇത് പാലിക്കാത്തതിനാണ് ഫിഷറീസ് വകുപ്പ് നടപടി എടുത്തത്.

തീരദേശവികസനവും പാതിവഴിയിൽ

തീരദേശവികസനത്തിലും മെല്ലെപ്പോക്ക് തുടരുകയാണ്. ജീവനക്കാരുടെ കുറവിനെ തുടർന്ന് തീരദേശ ഹൈവേ നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് ജോലികളും നീണ്ടുപോകുകയാണ്. പുതുതായി വേണ്ട 53 ജീവനക്കാരുടെ സ്ഥാനത്ത് തൃശൂർ കിഫ്ബിയുടെ സ്ഥലമേറ്റെടുപ്പ് ഓഫീസിലുള്ളത് 14 പേരാണ്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികൾക്കുള്ള സ്ഥലമെടുപ്പ് ചുമതലയുള്ള ഈ ഓഫീസിന് മറ്റ് 15 പദ്ധതികളുടെ ചുമതലയുമുണ്ട്. സ്ഥലമേറ്റെടുപ്പിന് ശേഷമുള്ള നടപടികൾ പുരോഗമിക്കുന്ന അഞ്ച് പദ്ധതികൾ വേറെയുമുണ്ട്. 60 ശതമാനം ഭൂമിയും പുതുതായി ഏറ്റെടുക്കേണ്ടതാണ്. കൈവശക്കാർ കൂടുതലായതിനാൽ ജോലിഭാരവും കൂടുതലാണ്. കൂടുതൽ ജീവനക്കാരില്ലെങ്കിൽ സ്ഥലമേറ്റെടുപ്പ് മന്ദഗതിയിലാകും. ഒരു ലാൻഡ് അക്വിസിഷൻ (സ്ഥലമേറ്റെടുക്കൽ) ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകൾ കേന്ദ്രീകരിച്ച് രണ്ട് പുതിയ സ്ഥലമേറ്റെടുക്കലിനുള്ള പ്രത്യേക ഓഫീസുകൾ തുടങ്ങണമെന്നതാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. നിലവിൽ സ്‌പെഷ്യൽ തഹസിൽദാറെയാണ് (കിഫ്ബി) സ്ഥലമേറ്റെടുക്കൽ ചുമതലയുള്ളയാളായി നിയമിച്ചിരിക്കുന്നത്. അഴീക്കോട്ട് നിന്നാരംഭിച്ച് പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് അയിരൂർ വരെയുള്ള ഹൈവേയിൽ 60 കിലോമീറ്ററാണ് തൃശൂർ ജില്ലയ്ക്ക് കീഴിലുള്ളത്. കൊടുങ്ങല്ലൂരിൽ എട്ടും ചാവക്കാട് ഒമ്പതും വില്ലേജിലൂടെ കടന്നുപോകും. 15.6 മീറ്റർ വീതിയിലുള്ള ഹൈവേയ്ക്ക് 101.38 ഹെക്ടറോളം ഏറ്റെടുക്കണം. ഇതിന് മുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാത പഠനം പുരോഗമിക്കുകയാണെന്നാണ് പറയുന്നത്. കടൽസമ്പത്ത് നമ്മുടെ നാടിന്റെ വലിയ സമ്പത്താണ്. അതു തകർന്നുകൂടാ. മത്സ്യത്തൊഴിലാളികളേയും തീരദേശത്തേയും സംരക്ഷിക്കുമ്പോൾ നമ്മൾ നാടിന്റെ സമ്പദ്ഘടനയെയാണ് സംരക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ തീരദേശത്തെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചേ മതിയാകൂ.

Advertisement
Advertisement