തോൽവിയുടെ പുതുസിദ്ധാന്തം; ചൂണ്ടയിടലും

Tuesday 02 July 2024 12:12 AM IST

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് നേതാക്കൾ കുറ്റം മുഴുവൻ ചില സമുദായങ്ങളുടെ മേൽ ചാർത്തി തടിതപ്പാനാണ് ശ്രമിച്ചത്. ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്കക്കാരും പട്ടിക വിഭാഗക്കാരുമാണ് മുഖ്യ പ്രതികൾ. പിന്നെ, ക്രിസ്ത്യാനികളും മുസ്ലിങ്ങളും 'ഈഴവ വോട്ടുകൾ ചതിച്ചാശാനേ" എന്നാണ് സഖാക്കളുടെ പതംപറച്ചിൽ. സി.പി.എമ്മിന്റെ ഈഴവ വോട്ടുകൾ എങ്ങനെ ചോർന്ന് ബി.ജെ.പിയിലേക്കു പോയി? കൊണ്ടുപിടിച്ച വിശകലനങ്ങളും ഗവേഷണങ്ങളുമാണ് ചാനലുകളിലും ചില പത്രങ്ങളിലും...

മറ്റൊരു സമുദായത്തെക്കുറിച്ചും ഇങ്ങനെ പേരെടുത്ത് അധിക്ഷേപിച്ച് ചർച്ചയില്ല. ഈഴവ സമുദായം ആർക്കും കൊട്ടാവുന്ന തരത്തിൽ വഴിയിൽക്കിടക്കുന്ന ചെണ്ടയാണോ എന്നും,​ സമുദായത്തിന്റെ വോട്ടുകൾ ഇടതുപക്ഷം കുത്തകപ്പാട്ടത്തിന് എടുത്തിട്ടുണ്ടോ എന്നുമാണ് ഉയരുന്ന ചോദ്യം. 'തിരഞ്ഞെടുപ്പിൽ ഞങ്ങൾ നന്നായി തോറ്റു" എന്ന് പരസ്യമായി കുമ്പസാരിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് പിന്നീട് കുതിര കയറിയത് ഈഴവ സമുദായത്തിനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നേർക്കാണെന്നാണ് ആക്ഷേപം.

ഈഴവ സമുദായത്തെയും ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച യോഗത്തെയും വെള്ളാപ്പള്ളി സംഘപരിവാറിന്റെയും ആർ.എസ്.എസിന്റെയും തൊഴുത്തിൽ കെട്ടിയെന്നാണ് കുറ്റപത്രം. ക്രൈസ്തവ വോട്ടുകൾ ചോർന്ന് ബി.ജെ.പിയിലേക്കു പോയത് ഫണ്ട് പിരിവിന്റെയും ഭീഷണിയുടെയും പേരിലെന്നും. അപ്പോഴും മുസ്ലിം വോട്ടുകളെപ്പറ്റി മൗനം. ആ മൗനം ഭ‌ഞ്ജിച്ചത് പിണറായി സഖാവാണ്. അതിന് സംഘപരിവാറിനെ കൂട്ടു പ്രതിയാക്കാൻ പറ്റില്ല. മുസ്ലിം തീവ്രവാദികളുമായി ലീഗ് നേതൃത്വം സന്ധി ചെയ്താണ് കുറ്റം. തെറ്റുകൾ തിരുത്തി ഇനിയെങ്കിലും ആ സമുദായങ്ങളെ ഒപ്പം നിറുത്തുന്നതാണോ,​ അതോ വീണ്ടും ആട്ടിയകറ്റുന്നതാണോ ബുദ്ധി?

ജാതിയും മതവും അടിസ്ഥാനമാക്കി മാത്രം കാര്യങ്ങൾ ചെയ്യുന്നതും തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ

നിറുത്തുന്നതുമാണ് രാഷ്ട്രീയ പാർട്ടികളുടെ ശീലം. ജാതിയും മതവും വളർത്തുന്നതും അവർ തന്നെ. ഇടതു പാർട്ടികളും അതിൽ നിന്ന് മുക്തമല്ല. പക്ഷേ, തിരഞ്ഞെടുപ്പിലെ തോൽവിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും ജാതികളെയും സമുദായങ്ങളെയും ഇത്ര പരസ്യമായി പഴിപറയുന്നത് ഇതാദ്യമാണെന്നാണ് ആക്ഷേപം. ഈ 'അഭിനവ സിദ്ധാന്ത"വും പൊക്കിപ്പിടിച്ച് ഡൽഹിയിൽ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ ഗോവിന്ദൻ മാഷിനും കൂട്ടർക്കും അവിടെ കണക്കിനു കിട്ടിയെന്നാണ് കേട്ടത്.

തിരഞ്ഞെടുപ്പു ഫലത്തെ മാർക്സിയൻ ചിന്താഗതിയിൽ വിലയിരുത്തുന്നതിനു പകരം, ജാതി- മത വോട്ടുകളെ

പ്രതിയാക്കിയത് ശരിയായ വിലയിരുത്തലല്ലെന്നാണ് കേരള നേതാക്കളുടെ ചെവിക്കുപിടിച്ച സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ പറഞ്ഞത്. ഈഴവരാദി പിന്നാക്ക, ദളിത് സമുദായങ്ങളുടെ പിന്തുണ വേണ്ടത്ര കിട്ടാത്തതാണ് കനത്ത തോൽവിക്കു കാരണമെന്ന ഗോവിന്ദൻ മാഷിന്റെ റിപ്പോർട്ടിലെ കണ്ടുപിടിത്തവും യെച്ചൂരിയും മറ്റും തള്ളിക്കളഞ്ഞു. കേരളത്തിൽ സാമൂഹ്യക്ഷേമ പെൻഷനും സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങളും മുടങ്ങിയതും, തൊഴിലില്ലായ്മയും, കാലിയായ സപ്ലൈകോ സ്റ്റോറുകളും മറ്റും സൃഷ്ടിച്ച ഭരണവിരുദ്ധ വികാരമല്ലേ യഥാർത്ഥ പ്രശ്നമെന്നായിരുന്നത്രെ അവരുടെ ചോദ്യം.

മലബാറിലെ വോട്ടുചോർച്ചയ്ക്ക് കാരണവും വെള്ളാപ്പള്ളിയാണോ എന്ന ചോദ്യം അതേ ദിവസം പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റിലും ഉയർന്നു. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള മനഷ്യരുടെ വോട്ടേയുള്ളൂ,​ ഈഴവ വോട്ട് എന്നൊന്നില്ലെന്നാണ് സി.പി.എം നേതാവ് ജി. സുധാകരന്റെ പ്രതികരണം. 'മനുഷ്യനാകണം" എന്നതാണല്ലോ സഖാക്കളുടെ മുദ്രാവാക്യം!

 

പുതിയ ലോക്‌സഭയിലെ അംഗസംഖ്യയിൽ ഭരണപക്ഷത്തിന് ഏതാണ്ട് ഒപ്പമെത്തിയ തങ്ങളെ ഭിന്നിപ്പിക്കാൻ മോദിയും അമിത്ഷായുമിട്ട ചൂണ്ടയിൽ ആരും കൊത്താതിരുന്നതിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി നേതാക്കൾക്ക് ആശ്വാസം. ഡെപ്യൂട്ടി സ്പീക്കറെന്ന ഇര കാട്ടി തമിഴ്നാട്ടിലെ ഡി.എം.കെയെ പിടികൂടുകയായിരുന്നു തന്ത്രം. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം മുമ്പൊക്കെ പ്രതിപക്ഷത്തിന്റെ അവകാശമായിരുന്നു. ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ലെങ്കിലും പ്രതിപക്ഷം മെലിഞ്ഞപ്പോൾ കെട്ടി. മോദി ഭരണത്തിൽ പ്രതിപക്ഷ നേതാവിന്റെ പോയിട്ട്, കഴിഞ്ഞ അഞ്ചുവർഷം ഡെപ്യൂട്ടി സ്പീക്കറുടെ കസേര പോലും കാലിയാക്കിയിട്ടിരുന്നു.

പക്ഷേ, ഇപ്പോൾ സഭയിൽ പഴയ പ്രതിപക്ഷമല്ല. രാഹുൽ ഗാന്ധിക്കും നല്ല പതം വന്നു. പ്രതിപക്ഷ നേതാവായ രാഹുലിന്റെ നേതൃത്വത്തിൽ കട്ടയ്ക്കു കട്ട നിൽക്കാൻ പ്രാപ്തർ. ഭരണപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥിയെ പിന്താങ്ങണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വേണമെന്നായി പ്രതിപക്ഷം. ആദ്യം സ്പീക്കർ തിരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് ഭരണപക്ഷവും. മുതലക്കുഞ്ഞിനെ നീന്താൻ പഠിപ്പിക്കല്ലേ! ആ വേല കൈയിൽ വച്ചാൽ മതി. അങ്ങനെ കൊടിക്കുന്നിൽ സുരേഷ് പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥി. പക്ഷേ, ശബ്ദവോട്ടോടെ ഓം ബിർള വീണ്ടും സ്പീക്കർ. വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നത് തൃണമൂൽ കോൺഗ്രസ് ഉടക്കിയതിനാലെന്ന് ബി.ജെ.പി. അത് തന്ത്രമായിരുന്നുവെന്ന് കോൺഗ്രസ്. വേല ഇനി വേലായുധനോടു വേണ്ടെന്ന് സാരം.

 

സിനിമയിൽ കഥാപാത്രങ്ങളായി ജീവിക്കുന്ന പല നടീനടന്മാർക്കും അഭിനയം കഴിഞ്ഞാലും കഥാപാ‌ത്രത്തിന്റെ

ഭാവചേഷ്ടകളിൽ നിന്ന് മുക്തരാകാൻ സമയമെടുക്കും. ചിലരെ അത് പിന്തുടർന്നുകൊണ്ടേയിരിക്കും. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിട്ടും 'കമ്മിഷണർ" സിനിമയിലെ കഥാപാത്രം ഇടയ്ക്കിടെ പരകായ പ്രവേശം നടത്താറുണ്ടെന്നാണ് കേൾവി. തലസ്ഥാനത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത ഒളിമ്പിക് സൗഹൃദ കൂട്ടയോട്ട പരിപാടിയായിരുന്നു ഒടുവിലത്തേത്.

ഗവർണർ സംസാരിക്കവേ വേദിയിൽ നിന്ന് ആരെങ്കിലും അലക്ഷ്യമായി എഴുന്നേറ്റു പോകുന്നത് പ്രോട്ടോകോൾ ലംഘനമാണ്. പരിപാടി ഫ്ളാഗ് ഓഫ് ചെയ്യേണ്ടത് ഗവർണർ. പക്ഷേ, പുറത്ത് കുട്ടികൾ കൊടിയുമായി

നിൽക്കുന്നതു കണ്ട സുരേഷ് ഗോപി പെട്ടന്ന് 'കമ്മിഷണറായി!" ഗവർണർ സംസാരിച്ചു നിൽക്കെത്തന്നെ അദ്ദേഹം വേദിയിൽ നിന്ന് ചാടിയിറങ്ങി അവർക്കൊപ്പം ചേർന്നു. തുടർന്ന് വേദിയിൽ ഗവർണറുടെ ഫ്ലാഗ് ഓഫ്. സുരേഷ് ഗോപിയുടെ വക പുറത്ത് വേറെ! അവിടെ കല്യാണം... ഇനിടെ പാലുകാച്ച്...

ഇത്തരം ചെയ്തികൾ കണ്ടാൽ ഉടനെ ക്ഷോഭിക്കുകയാണ് ഗവർണറുടെ ശൈലി. സുരേഷ് ഗോപി സ്വന്തം

സർക്കാരിലെ മന്ത്രിയായതു കൊണ്ടാവാം,​ ഗവർണർ ക്ഷോഭമടക്കി. രാജ്ഭവനിൽ മടങ്ങിയെത്തിയ ശേഷം അദ്ദേഹം

ക്ഷോഭിച്ചതായും കേട്ടില്ല. എന്തായാലും സുരേഷ് ഗോപി കാട്ടിയത് പ്രോട്ടോകോൾ ലംഘനമാണെന്ന് വേദിയിൽ അത് കണ്ടുനിന്ന മന്തിമാരായ വി. ശിവൻകുട്ടിയും ജി.ആർ. അനിലും പത്രക്കാരോടു പറഞ്ഞു.സുരേഷ് ഗോപി ഇപ്പോൾ കേന്ദ്രമന്ത്രി കൂടിയാണ്. ജസ്റ്റ് റിമംബർ ദാറ്റ്!

നുറുങ്ങ്:

കലാമണ്ഡലം സർവകലാശാലാ ചാൻസലർ മല്ലികാ സാരാഭായിക്ക് പ്രതിമാസം രണ്ടുലക്ഷം രൂപ പ്രതിഫലം.

 ഒരു വാശിക്ക് സർക്കാർ കിണറ്റിൽ ചാടി. മറുവാശിക്ക് വെള്ളം കുടിക്കാം!

(വിദുരരുടെ ഫോൺ: 99461 08221)

Advertisement
Advertisement