ലഹരിയുടെ പരസ്യവിൽപ്പന; ഹാൻസും പണവുമായി ഒരാൾ അറസ്റ്റിൽ

Tuesday 02 July 2024 12:00 AM IST

തൃശൂർ: നഗരത്തിൽ പരസ്യമായി ലഹരി വിൽക്കുന്നുവെന്ന കേരളകൗമുദി വാർത്തയിൽ പൊലീസ് നടപടി. വിൽപ്പനയ്ക്ക് കൊണ്ടുവന്ന ഹാൻസും വിറ്റുകിട്ടിയ 3500 രൂപയുമായി ഒരാൾ പിടിയിൽ. അത്താണി സ്വദേശി ജെൻസനാണ് പിടിയിലായത്. ശക്തൻ നഗറിലെ കംഫർട്ട് സ്റ്റേഷന് സമീപവും നഗരത്തിലെ മറ്റ് കേന്ദ്രങ്ങളിലും പരസ്യമായി നിരോധിത ലഹരി വസ്തുക്കൾ വിൽക്കുന്നതിന്റെ ചിത്രങ്ങൾ സഹിതം കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ ഇടപെടലിൽ ഈസ്റ്റ് പൊലീസ് പ്രതിയെ പിടികൂടിയത്.

രാവിലെ മുതൽ രാത്രി വരെ നടക്കുന്ന വിൽപ്പനയ്ക്ക് പിറകിൽ വലിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ലഹരി വിൽപ്പനയിലൂടെ ഇവർ ആയിരക്കണക്കിന് രൂപ സമ്പാദിക്കുന്നുവെന്നാണ് വിവരം. ശക്തൻ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി പരിസരം, വടക്കെ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് വിൽപ്പന. നിരോധിത ലഹരി വസ്തുക്കളായ ഹാൻസ്, പാൻ പരാഗ്, കഞ്ചാവ് എന്നിവയുടെ വിൽപ്പനയാണ് നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് പാൻ പരാഗും ഹാൻസും വൻ തോതിൽ എത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് പത്ത് രൂപയിൽ താഴെ ലഭിക്കുന്ന ലഹരിവസ്തുക്കൾ 50 മുതൽ 75 രൂപ വരെ ഈടാക്കിയാണ് വിൽക്കുന്നത്.

  • പിടിച്ചത് 24 തവണ എന്നിട്ടും

ലഹരി വസ്തുക്കൾ പരസ്യമായി വിൽപ്പന നടത്തിയ കേസിൽ പിടിയിലായ ജെൻസനെ 24 തവണ മുൻപും സമാനകുറ്റകൃത്യത്തിന് പിടികൂടിയിരുന്നു. മിക്ക കേസുകളിലും പരമാവധി 500 രൂപ മാത്രമാണ് പിഴ ഒടുക്കേണ്ടിവന്നത്. കുറഞ്ഞ പിഴ മാത്രമേ ചുമത്താനാകൂ എന്നതിനാൽ പലരും വീണ്ടും വിൽപ്പനയിൽ വീണ്ടും സജീവമാകും. ശക്തമായ പട്രോളിംഗ് ഉണ്ടെങ്കിൽ വിൽപ്പന തടയാമെന്ന് പ്രദേശത്തെ കച്ചവടക്കാരും മറ്റും പറയുന്നു. രഹസ്യമായി ഒളിപ്പിച്ചുവച്ച ശേഷം അതിൽ നിന്ന് കുറച്ച് വീതം എടുത്ത് ആവശ്യക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്. മത്സ്യ മാർക്കറ്റ് വഴിയിലേക്ക് പോകുന്നവരുടെ നേരെ ഹാൻസ് പാക്കറ്റ് പുറത്തെടുത്ത് കാണിച്ച് വേണോയെന്ന് ചോദിക്കുന്നവരുമുണ്ട്. നിരവധിപേർ സ്ഥിരമായി വാങ്ങുന്നവരുമുണ്ടത്രെ.

Advertisement
Advertisement