രാഷ്ട്രീയ ഭാവിയെ ബാധിക്കും,​ മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ ഒരവസരം കൂടി,​ അന്ത്യശാസനം നൽകി സി പി എം

Monday 01 July 2024 8:27 PM IST

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന് തെറ്റു തിരുത്താൻ ഒരവസരം കൂടി നൽകാൻ സി.പി.എം ജില്ലാകമ്മിറ്റി യോഗത്തിൽ തീരുമാനം. ഭരണത്തിലെ വീഴ്ചകൾ അധികാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായതോടെയാണ് അന്ത്യശാസനം നൽകാൻ യോഗം തീരുമാനിച്ചത്.

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു. കെ.എസ്ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയറും കുടുംബവും നടുറോഡിൽ കാണിച്ചു കൂട്ടിയത് ഗുണ്ടായിസമാണ്. ബസിലെ മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യമായെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ല. മോശമായ കോർപറേഷൻ ഭരണം എതിരാളികൾക്കു ഗുണകരമായി. ധാർഷ്ട്യം കാണിക്കുന്ന വലിയ നേതാക്കളെ അനുകരിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.

സാധാരണയായി ജില്ലയിലെ പാർട്ടി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്നതാണു പതിവ്. സെക്രട്ടറിയുടെ അഭാവവും അംഗങ്ങൾ വിമർശനമായി ചൂണ്ടിക്കാട്ടി. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് ജില്ലാക്കമ്മറ്റിയംഗം കരമന ഹരി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് മേൽകമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എം.സ്വരാജ് മുതലാളിയുടെ പേര് പറയാതെ വെറുതെ ആരോപണം ഉന്നയിക്കരുതെന്നും താക്കീത് നൽകി. മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും വിമർശനത്തിന് വിധേയരായി.