ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ
കറുകച്ചാൽ : കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത വാഴപ്പള്ളി കുമരംകരി മുന്നൂറ്റി നാൽപ്പതിൽച്ചിറ രാജീവ് (31) നെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 25 ന് പത്തനാട്ടാണ് സംഭവം. 40 രൂപയുടെ 19 ടിക്കറ്റുകൾ വാങ്ങുകയും, പണം സുഹൃത്തിന്റെ ഫോണിലെ ഗൂഗിൾ പേ വഴി അയക്കാമെന്ന് പറയുകയായിരുന്നു. തുടർന്ന് സമീപത്തെ കട ഉടമയെ തെറ്റിദ്ധരിപ്പിച്ച് ഇയാളുടെ ഫോണിൽ നിന്ന് ലോട്ടറി കച്ചവടക്കാരന്റെ ഫോണിലേക്ക് ഗൂഗിൾ പേ വഴി എസ്.എം.എസ് അയച്ചു. തുടർന്ന് തിരികെയെത്തി 3500 രൂപ
അക്കൗണ്ടിലേക്ക് വന്നതിന്റെ എസ്.എം.എസ് വന്നിട്ടുണ്ടെന്ന് പറഞ്ഞ് 19 ടിക്കറ്റിന്റെ തുക കഴിഞ്ഞുള്ള ബാക്കി തുകയും, ടിക്കറ്റുമായി കടന്നുകളയുകയായിരുന്നു. ഇയാൾക്ക് രാമങ്കരി, ചങ്ങനാശേരി, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സ്റ്റേഷൻ എസ്.എച്ച്.ഒ ജയകുമാർ, എസ്.ഐമാരായ സുനിൽ, ബൈജു, എ.എസ്.ഐമാരായ അജിത്ത്, വിഷ്ണു, സി.പി.ഒ രതീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.