പാർട്ടിസ്വത്തുക്കൾ കണ്ടുകെട്ടിയതിനെതിരെ സി പി എം,​ ഇ ഡിക്കെതിരെ നിയമപോരാട്ടവുമായി മുന്നോട്ടെന്ന് എം വി ഗോവിന്ദൻ

Monday 01 July 2024 10:01 PM IST

തിരുവനന്തപുരം: കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ എൻഫോഴ്‌സ്മെന്റ് നടപടിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്ത് അടിസ്ഥാനത്തിലാണ് പാർട്ടി അക്കൗണ്ടുകൾ കണ്ടുകെട്ടിയതെന്ന് ഗോവിന്ദൻ ചോദിച്ചു. തെറ്റായ നടപടി വച്ചു പൊറുപ്പിക്കില്ല. നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

പാൻകാർഡിലെ ഒറ്റയക്കം വച്ചാണ് ഇ.ഡിയും ഐ.ടിയും കളിച്ചത്. സി.പി.എമ്മിന്റെ ആയിരക്കണക്കിന് ബ്രാഞ്ചുകൾക്കും ഏരിയാ കമ്മിറ്റികൾക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉണ്ട്. ഏത് ബ്രാഞ്ച് ഭൂമി വാങ്ങിയാലും ജില്ലാ സെക്രട്ടറിയുടെ പേരിലാണ് രജിസ്ട്രേഷൻ നടത്തുക. തെറ്റായ നിലപാടിനെ അംഗീകരിക്കാനാവില്ല. കരുവന്നൂർ കേസിൽ പാർട്ടി പുറത്താക്കിയവരെ മാപ്പുസാക്ഷിയാക്കി സി.പി.എമ്മിനെ വേട്ടയാടാൻ ശ്രമം നടക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

തിരുത്തേണ്ടത് എല്ലാ തിരുത്തി മുന്നോട്ടുപോകും. പെൻഷൻ മുഴുവൻ കൊടുക്കും. പാവപ്പെട്ടവർക്ക് നൽകേണ്ട പണം നൽകുന്നതിനാകും ആദ്യ പരിഗണന. ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലും. മുഴുവൻ ബാദ്ധ്യതയും തീർക്കുമെന്നും തെറ്റായ ഒരു പ്രവണതയെയും വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement