കള്ളിംഗ് കഴിഞ്ഞിട്ടും നഷ്ടപരിഹാരം അകലെ

Tuesday 02 July 2024 12:38 AM IST

ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാൻ കള്ളിംഗിന് ഇരയാക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരം ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. കോഴിയും താറാവും ഉൾപ്പടെ വിവിധ ഘട്ടങ്ങളായി 1,31,916ൽ അധികം പക്ഷികളെയാണ് ജില്ലയിൽ കൊന്നൊടുക്കിയത്.

ഇതിന്റെ നഷ്ടപരിഹാരമായി അരകോടിയോളം രൂപയാണ് കർഷകർക്ക് കിട്ടാനുള്ളത്. എന്നാൽ

നഷ്ടപരിഹാരവിതരണ നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വ്യക്തമായ ഒരു അറിയിപ്പും മൃഗസംരക്ഷണ വകുപ്പിൽ നിന്ന് കർഷകർക്ക് ലഭിച്ചിട്ടുമില്ല.

മൃഗസംരക്ഷണവകുപ്പ് കൊന്നുകത്തിച്ച (കള്ളിംഗ്) കോഴി, താറാവുകളുടെ നഷ്ടപരിഹാരത്തുകയെ സംബന്ധിച്ച അവ്യക്ത തുടരുന്നതാണ് നടപടികൾ വൈകാൻ കാരണം. ഈ സീസണിൽ മാത്രം 66,407 താറാവുകളും 55,549 കോഴികളെയുമാണ് കൊന്നുകത്തിച്ചത്.

അതേസമയം,​ വിവിധ മേഖലകളിലായി 23,000ൽ അധികം പക്ഷികളെ കൊന്നുകത്തിക്കുന്ന ജോലികൾ തുടരുകയാണ്. ചേന്നം പള്ളിപ്പുറം, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, തണ്ണീർമുക്കം, പട്ടണക്കാട് എന്നിവിടങ്ങളിൽ ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിൽ കള്ളിംഗ് ഇന്നും തുടരും.

തുടരുന്ന അവ്യക്തത,​ വിവേചനം

1.ജില്ലയിൽ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ

ധനവകുപ്പ് ഫണ്ട് അനുവദിച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പിന് വ്യക്തമായ നിർദ്ദേശം നൽകാൻ കഴിയാത്തതാണ് വൈകാൻ കാരണം. നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് വഹിക്കുന്നത്

2. കള്ളിംഗ് നടത്തിയ എല്ലാ പക്ഷികൾക്കും നഷ്ടപരിഹാരം നൽകാത്തത് കർഷകരോടുള്ള വിവേചനമാണെന്ന് ആക്ഷേപമുണ്ട്. കോഴി, താറാവ് എന്നിവയ്ക്കും മുട്ടയ്ക്കും മാത്രമാണ് നിലവിൽ നഷ്ടപരിഹാരം നൽകുന്നത്. 2014 കള്ളിംഗിന് വിധേയമാകുന്ന എല്ലാ വിഭാഗം പക്ഷികൾക്കും നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരുന്നു. 2016വരെ അത് ലഭിച്ചിരുന്നു

3. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നഷ്ടപരിഹാരം കോഴി, താറാവ് എന്നിവയിലേക്ക് ചുരുക്കിയത് കർഷകർക്ക് തിരിച്ചടിയായി. കാട, ടർക്കി, ഗിനി, വാത്ത, പ്രാവ് ഇനത്തിലുള്ള പക്ഷികളെ കൊന്ന് നശിപ്പിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കാത്തത് കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്

4. നഷ്ടപരിഹാരത്തിലെ ഈ വിവേചനം അവസാനിപ്പിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. പലിശയ്ക്കും സ്വകാര്യ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തുമാണ് പ്രതീക്ഷയോടെ താറാവുകളെ കർഷകർ വളർത്തിയത്. അടിക്കടിയുണ്ടുകുന്ന പക്ഷിപ്പനി വലിയ സാമ്പത്തിക ബാദ്ധ്യതയാണ് കർഷകർക്കുണ്ടാക്കുന്നത്

കള്ളിംഗ് ഇതുവരെ

പക്ഷികൾ ആകെ: 1,31,916

നഷ്ടപരിഹാരം: 50ലക്ഷം

താറാവ്: 66,407

കോഴി: 55,549

മറ്റുള്ളവ: 9,960

Advertisement
Advertisement