സേന സദാ സജ്ജം: കരസേനാ മേധാവി

Tuesday 02 July 2024 12:28 AM IST

ന്യൂഡൽഹി: ഏതു വെല്ലുവിളിയും നേരിടാൻ കഴിയും വിധം ഇന്ത്യൻ സേന സദാ സജ്ജമാണെന്ന് കരസേനയുടെ 30-ാമത് മേധാവിയായി ചുമതലയേറ്റ ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ന്യൂഡൽഹി സൗത്ത് ബ്ലോക്കിലെ ഓഫീസിൽ ചുമതലയേറ്റ ഉപേന്ദ്ര ദ്വിവേദിക്ക് സ്വീകരണം നൽകി. അദ്ദേഹം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.

നാവിക, വ്യോമസേന, മറ്റ് പങ്കാളികൾ എന്നിവരുമായുള്ള ഏകോപനം കുറ്റമറ്റതാക്കും. ഇന്ത്യയുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനും 2047ലെ വികിസിത ഇന്ത്യ ലക്ഷ്യത്തോടെ രാഷ്ട്രനിർമ്മാണത്തിനും സേനയെ സജ്ജമാക്കും.

മാറുന്ന രാഷ്‌ട്രീയ-ഭൗമ സാഹചര്യങ്ങൾക്കനുസരിച്ച് സേനയെ വെല്ലുവിളികൾ നേരിടാൻ സജ്ജമാക്കണം. ഭാവി ഭീഷണികളും അടിയന്തര സാഹചര്യങ്ങളും നേരിടാൻ അത്യാധുനിക ആയുധങ്ങളും സാങ്കേതികവിദ്യയും പുതിയ യുദ്ധ തന്ത്രങ്ങളും ഉറപ്പാക്കും. സേന പരിവർത്തന പാതയിലാണ്. ആത്മനിർഭരമാകാൻ തദ്ദേശീയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. രാജ്യത്ത് നിർമ്മിക്കുന്ന പരമാവധി യുദ്ധ സംവിധാനങ്ങളും ഉപകരണങ്ങളും സേനയിൽ ഉൾപ്പെടുത്തും. സേനയിലെ എല്ലാ റാങ്കുകളിലുള്ളവരുടെയും ക്ഷേമം ഉറപ്പാക്കും.

ആർമി ട്രെയിനിംഗ് കമാൻഡ് മേധാവി

സിംലയിലെ ആർമി ട്രെയിനിംഗ് കമാൻഡ് (ആർട്രാക്) മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ദേവേന്ദ്ര ശർമ്മ ചുമതലയേറ്റു. നാല് പതിറ്റാണ്ടു നീണ്ട കരിയറിൽ, നിരവധി ഭീകര വിരുദ്ധ ഒാപ്പറേഷനുകളിൽ പങ്കെടുത്തയാളാണ്. 2022ൽ രാജ്യം അതി വിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചു. ധീരതയ്ക്കുള്ള സേന മെഡൽ ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement