അൽ - ഷിഫ മേധാവിയെ മോചിപ്പിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ - ഷിഫയുടെ മേധാവി മുഹമ്മദ് അബു സാൽമിയയെ മോചിപ്പിച്ച് ഇസ്രയേൽ. ഹമാസ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സാൽമിയ ഏഴ് മാസമായി ഇസ്രയേലിന്റെ തടങ്കലിലായിരുന്നു. സാൽമിയ അടക്കം യുദ്ധത്തിനിടെ പിടികൂടിയ 54 പാലസ്തീനികളെയാണ് ഇസ്രയേൽ ഇന്നലെ മോചിപ്പിച്ചത്.
ഇസ്രയേൽ ജയിലിൽ അതിക്രൂര ഉപദ്രവങ്ങൾ താനും സഹതടവുകാരും നേരിട്ടെന്ന് സാൽമിയ ആരോപിച്ചു. അൽ - ഷിഫ ഹമാസിന്റെ കമാൻഡ് സെന്ററായി പ്രവർത്തിക്കുന്നെന്ന് പറഞ്ഞ ഇസ്രയേൽ സൈന്യം ആശുപത്രിയ്ക്ക് താഴെ ഹമാസിന്റെ ഭൂഗർഭ ടണലും ആയുധങ്ങളും കണ്ടെത്തിയിരുന്നു.
അൽ - ഷിഫയിൽ ഹമാസ് ഭീകരരുടെ സാന്നിദ്ധ്യം തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. നവംബറിൽ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സാൽമിയ അറസ്റ്റിലായത്. അതേ സമയം, സാൽമിയയെ മോചിപ്പിച്ചതിനെതിരെ ഇസ്രയേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ രംഗത്തെത്തി.
സാൽമിയയുടെ മോചനം ഗുരുതരമായ സുരക്ഷാ പിഴവാണെന്നും ഇതിന് അനുമതി നൽകിയ ഇന്റലിജൻസ് മേധാവി റോനൻ ബാറിനെ പുറത്താക്കണമെന്നും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ആരോപിച്ചു. പ്രതിരോധ മന്ത്രാലയം സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കുന്നത് തടയണമെന്നും ബെൻ ഗ്വിർ ആവശ്യപ്പെട്ടു.