ആൻഗ്രി ബേർഡ് !

Tuesday 02 July 2024 7:35 AM IST

കാൻബെറ : പക്ഷികളെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. ഓമനിച്ചു വളർത്തുന്ന പക്ഷികൾ മുതൽ അക്രമകാരികളായ പക്ഷികൾ വരെ ലോകത്തുണ്ട്. അക്രമകാരികൾ എന്ന് പറയുമ്പോൾ പൊതുവെ കഴുകനും പരുന്തും ഒട്ടകപക്ഷിയൊക്കെയാകും മനസിൽ വരിക. എന്നാൽ പക്ഷികളുടെ കൂട്ടത്തിലെ ഏറ്റവും ഭീകരൻ ഇവർ ആരുമല്ല. ന്യൂ ഗിനി,​ മലുകു ദ്വീപുകൾ,​ വടക്കു കിഴക്കൻ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കണ്ടുവരുന്ന കാസവേരിയാണത്. മൂന്ന് കാസവേരി സ്പീഷീസുകളാണ് നിലവിലുള്ളത്. ഇതിൽ സതേൺ കാസവേരിയാണ് ഏറ്റവും പ്രശസ്തൻ. ഉയരത്തിൽ ഒട്ടകപക്ഷിക്കും എമുവിനും പിന്നിൽ മൂന്നാം സ്ഥാനമാണ് ഇക്കൂട്ടർക്ക്. ഭാരത്തിൽ രണ്ടാം സ്ഥാനവും. 90 ശതമാനം കാസവേരികൾക്കും പഴങ്ങളാണ് ഇഷ്ടം. എന്നാൽ തരംകിട്ടിയാൽ ചെറുപക്ഷികളെ മുതൽ പാമ്പിനെ വരെ അകത്താക്കാൻ മടിയില്ല. ജീവന് ഭീഷണിയെന്ന് കണ്ടാൽ മനുഷ്യരെ ആക്രമിച്ച് കൊല്ലാൻ പോലും കാസവേരിക്ക് കഴിയും. അതിനാൽ പക്ഷികളിലെ ഏറ്റവും അപകടകാരി എന്നാണ് കാസവേരി അറിയപ്പെടുന്നത്. 1926 ലാണ് കാസവേരിയുടെ ആക്രമണത്തിൽ ഒരു മനുഷ്യൻ മരിച്ചത് ആദ്യമായി രേഖപ്പെടുത്തിയത്. ഓസ്ട്രേലിയയിലായിരുന്നു ഇത്. നാല് മുതൽ ആറടിയിലേറെ വരെ ഉയരം ഇവയ്ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement