ഇസ്‌മയിൽ കദാരെ അന്തരിച്ചു

Tuesday 02 July 2024 7:35 AM IST

റ്റിറാന: പ്രശസ്ത അൽബേനിയൻ നോവലിസ്റ്റും നാടകകൃത്തുമായ ഇസ്മയിൽ കദാരെ (88) അന്തരിച്ചു. ഇന്നലെ തലസ്ഥാനമായ റ്റിറാനയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1963ൽ രചിച്ച ' ദ ജനറൽ ഒഫ് ദ ഡെഡ് ആർമി " എന്ന നോവലിലൂടെ ആഗോള പ്രശംസ നേടി.

ഇംഗ്ലീഷിലേക്ക് മൊഴിമാ​റ്റം നടത്തിയ ഇതര ഭാഷാകൃതികൾക്കുള്ള ഇന്റർനാഷണൽ ബുക്കർ സമ്മാനത്തിന് ആദ്യമായി അർഹമായത് കദാരെ ആണ്. 2005ലായിരുന്നു ഇത്. പ്രിൻസ് ഒഫ് ആസ്റ്റുറിയസ് പ്രൈസ് ഫോർ ദ ആർട്സ് (2009), ജെറുസലേം പ്രൈസ് (2015), സമഗ്ര സംഭാവനയ്ക്കുള്ള അമേരിക്ക അവാർഡ് ഇൻ ലിറ്ററേച്ചർ (2023) തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ സ്വന്തമാക്കി. കവിത, ഉപന്യാസം, തിരക്കഥ എന്നീ മേഖലകളിലും തിളങ്ങിയ അദ്ദേഹം 15 തവണ സാഹിത്യ നോബലിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.

സർക്കാരിനെ വിമർശിച്ചതിനും ജനാധിപത്യത്തിനായി ആഹ്വാനം ചെയ്തതിനും ഭീഷണികൾ ഉയർന്നതോടെ കദാരെ 1990ൽ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. അടുത്തിടെയാണ് അൽബേനിയയിലേക്ക് മടങ്ങിയത്. കദാരെയുടെ മൂന്ന് പുസ്തകങ്ങൾ അൽബേനിയയിൽ സെൻസർ ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കദാരെയ്ക്ക് 'ഗ്രാൻഡ് ഓഫീസർ ഒഫ് ദ ലീജൻ ഒഫ് ഓണർ" ബഹുമതി നൽകി ആദരിച്ചു.

1936 ജനുവരി 28ന് തെക്കൻ അൽബേനിയയിലെ ജിറോകാസ്റ്ററിലാണ് കദാരെയുടെ ജനനം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റ്റിറാന സർവകലാശാലയിൽ നിന്ന് സാഹിത്യത്തിലും ഭാഷയിലും അദ്ദേഹം ബിരുദം നേടി. എഴുത്തുകാരി ഹെലന കദാരെയാണ് ഭാര്യ.

യു.എന്നിലെ മുൻ അൽബേനിയൻ പ്രതിനിധിയും ക്യൂബയിലെ മുൻ അൽബേനിയൻ അംബാസഡറുമായ ബെസിയാന കദാരെ അടക്കം രണ്ട് പെൺമക്കളുണ്ട്. ദ സീജ്, ക്രോണിക്കിൾ ഇൻ സ്റ്റോൺ, ദ പാലസ് ഒഫ് ഡ്രീംസ്, ദ പിരമിഡ്, ദ ഫോൾ ഒഫ് ദ സ്റ്റോൺ സിറ്റി തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ.

Advertisement
Advertisement