എകെജി സെന്റർ ആക്രമണ കേസിൽ‌ യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ

Tuesday 02 July 2024 8:32 AM IST

ന്യൂഡൽഹി: എകെജി സെന്റർ ആക്രമണ കേസിൽ‌ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈൽ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ‌.

ആക്രമണത്തിന് പിന്നാലെ മുങ്ങിയ സുഹൈൽ കഴിഞ്ഞ കുറച്ചു കാലമായി വിദേശത്തായിരുന്നു. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ സുഹൈലിനെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവയ്‌ക്കുകയായിരുന്നു. ക്രൈബ്രാഞ്ച് സംഘം ഡൽഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

2022 ജൂൺ 30ന് രാത്രിയാണ് എ കെ ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടക വസ്തു എറിഞ്ഞ് മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തമല്ലാത്തതിനാൽ ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഗൂഢാലചോന, സ്ഫോടകവസ്തു ഉപയോഗിച്ച്‌ നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്‌ക്കൽ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്.

Advertisement
Advertisement