'എന്നെക്കാൾ വോട്ട് കുറവുള്ളവർ വിജയികളായി, ഇത് ജനഹിതം  റദ്ദുചെയ്യുന്നതിന് തുല്യം'; 'അമ്മ'യുടെ തിരഞ്ഞെടുപ്പിനെതിരെ രമേഷ്  പിഷാരടി

Tuesday 02 July 2024 10:35 AM IST

കൊച്ചി: താരസംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി രംഗത്ത്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങൾക്കും കത്തയച്ചു.

ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർത്ഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർത്ഥി വോട്ട് കൂടുതൽ ലഭിക്കുകയും അയാളെക്കാൾ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യമാണെന്നും കത്തിൽ പറയുന്നു.

'ഞാൻ പരാജയപ്പെട്ടെന്ന രീതിയിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്പോൾ. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു', രമേഷ് പിഷാരടി കത്തിൽ പറയുന്നു.

വനിതകൾക്ക് വേണ്ടി നാല് സീറ്റുകൾ നീക്കിവയ്ക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബെെലോയിൽ എല്ലാ കാര്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നെന്ന ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന് വാക്ക് പൂർണ അർത്ഥത്തിൽ നടപ്പാക്കാൻ മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാൻ ബെെലോ ഭേദഗതിചെയ്യണമെന്നും നടൻ ആവശ്യപ്പെട്ടു.

Advertisement
Advertisement