'പറയാനുളളത് പറഞ്ഞു, അതാണ് സത്യം'; പ്രസംഗം നീക്കം ചെയ്തതിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

Tuesday 02 July 2024 12:53 PM IST

ന്യൂഡൽഹി: ലോക്‌സഭയിലെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് എംപിയും പ്രതിപക്ഷനേതാവുമായ രാഹുൽഗാന്ധി രംഗത്ത്. സഭയിൽ താൻ പറഞ്ഞത് സത്യമാണെന്നും അല്ലാതെ മ​റ്റൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ നുണ പറയുകയാണെന്നും ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നുമുളള കേന്ദ്രമന്ത്രിമാരുടെ ആരോപണങ്ങൾക്കെതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രാഹുൽ ഗാന്ധി നടത്തിയ ചില പരാമർശങ്ങൾ നീക്കം ചെയ്തത്. 'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോകത്ത് നിന്നും സത്യത്തെ പുറന്തളളാൻ സാധിക്കും. പക്ഷെ യഥാർത്ഥ ലോകത്ത് നിന്നും അതിന് സാധിക്കില്ല. എനിക്ക് പറയാനുളളത് പറഞ്ഞു. അതാണ് സത്യം. അവർക്ക് എത്ര വേണമെങ്കിലും തെ​റ്റിദ്ധരിപ്പിക്കാൻ സാധിക്കും'- രാഹുൽ ഗാന്ധി പ്രതികരിച്ചു.

രാഹുലിന്റെ ഹിന്ദുക്കളുടെ പേരിൽ അക്രമം നടക്കുന്നുവെന്ന പരാമർശവും ആർഎസ്എസിനെതിരായ പരാമർശവുമാണ് നീക്കം ചെയ്തത്. രാഹുൽഗാന്ധിയുടെ പ്രസംഗത്തെ ന്യായീകരിച്ച് ഫൈസാബാദ് എംപിയും സമാജ്‌വാദി പാ‌ർട്ടി നേതാവുമായ അവധേഷ് പ്രസാദ് രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ യാതൊരു തരത്തിലുളള ദുരുദ്ദേശവുമില്ലായിരുന്നു. എന്നിരുന്നാലും ഭരണഘടനയ്ക്ക് അനുസൃതമല്ലാത്ത പ്രസ്താവനകൾ നീക്കം ചെയ്യാൻ സ്പീക്കർക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം മുഴുവനും നീക്കം ചെയ്യണമെന്ന് കേന്ദ്ര മന്ത്രി ചിരാഗ് ​​​​​​​പസ്വാൻ ആവശ്യപ്പെട്ടു. അദ്ദേഹം വിവിധ മതങ്ങളെ പരാമർശിച്ചത് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും വേദനിപ്പിച്ചു. പ്രധാനമന്ത്രിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമർശങ്ങളും ശരിയല്ലെന്നും ചിരാഗ് ​​​​​​​പസ്വാൻ പറഞ്ഞു.

Advertisement
Advertisement