അന്തരിച്ച കൊല്ലം സുധിയുടെ അവസാന മണം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര; കണ്ടതും പൊട്ടിക്കരഞ്ഞ് ഭാര്യ

Tuesday 02 July 2024 3:20 PM IST

അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂം ആക്കിമാറ്റി അവതാരക ലക്ഷ്മി നക്ഷത്ര. സുധിയുടെ ഭാര്യ രേണുവിന്റെ ആഗ്രഹ പ്രകാരമാണിത്. ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ ഗന്ധം പെർഫ്യൂമാക്കി മാറ്റിയത്. ഇതിന്റെ ദൃശ്യങ്ങൾ ലക്ഷ്മി തന്റെ യുട്യൂബ് വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്.

അപകടത്തിൽ മരിക്കുന്ന സമയം സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ചുവച്ചിരുന്നു. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭർത്താവിന്റെ മണവും അത്തരത്തിൽ ചെയ്യണമെന്നും അതിന് സഹായിക്കാമോയെന്നും രേണു ലക്ഷ്മിയോട് ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്നാണ് ലക്ഷ്മി ദുബായിലെത്തി പെർഫ്യൂം തയ്യാറാക്കുന്ന യൂസഫിനെ സമീപിച്ചത്.

'രേണു ഇങ്ങനെ ഒരാവശ്യം പറഞ്ഞപ്പോൾ പലരും പറഞ്ഞത് യൂസഫ് ഭായിയുടെ പേരാണ്. എന്തിനിത് വീഡിയോയാക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി രേണുവിനെ ഏൽപ്പിച്ചാൽപോരെ എന്ന് പലരും ചോദിച്ചു. നിങ്ങൾ പറഞ്ഞയാളുടെ അടുത്ത് ഞാനെത്തി എന്ന് പറയാൻ കൂടിയാണ് ഈ വീഡിയോ. മാത്രമല്ല, ഇതുപോലെ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഒരു പ്രചോദനമാവട്ടെ'- താരം വ്യക്തമാക്കി.

കഴിഞ്ഞദിവസം ലക്ഷ്മി തന്റെ യുട്യൂബിൽ പങ്കുവച്ച ഈ വീഡിയോ ഇതുവരെ ഒരു ദശലക്ഷത്തിലധികം പേരാണ് കണ്ടത്. നാൽപത്തിനായിരത്തിനടുത്ത് ലൈക്കുകളും ലഭിച്ചു. 'പ്രിയപ്പെട്ട സുധി ചേട്ടന്റെ മണം പെർഫ്യൂം ആക്കി' എന്ന ക്യാപ്‌ഷനോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Advertisement
Advertisement