യോഗ അറിയണമെന്നില്ല; അഞ്ച് മിനിട്ടിലെ പ്രത്യേക ഇരുത്തം മാരക രോഗങ്ങൾ പോലും അകറ്റും

Tuesday 02 July 2024 3:44 PM IST

യോഗ നമ്മുടെ ശരീരത്തിനും മനസിനും ഒരുപോലെ പ്രയോജനം തരുന്നതാണ്. യോഗാസനങ്ങളും പ്രാണായാമവും സ്ഥിരമായി ചെയ്യുന്നവരിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകില്ല. പല തരത്തിലുള്ള യോഗാസനങ്ങളുണ്ട്. അവയിൽ ഓരോന്നിനും ഓരോ ഗുണങ്ങളാണുള്ളത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് വജ്രാസനം. മുട്ടുകുത്തി നിൽക്കുന്ന ഈ യോഗാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ദഹനം മെച്ചപ്പെടുന്നു. മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. വജ്രാസനം ചെയ്യുന്നത് എങ്ങനെയാണെന്നും അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന പ്രയോജനങ്ങൾ എന്തൊക്കെയെന്നും നോക്കാം.

ചെയ്യേണ്ട രീതി

ആദ്യം തറയിൽ മുട്ട് കുത്തി നിൽക്കുക. കാൽമുട്ടുകൾ ചേർത്ത് വയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഉപ്പൂറ്റിയുടെ പുറത്ത് ഇരിക്കാൻ ശ്രമിക്കണം. കാലിന്റെ പെരുവിരലുകൾ ചേർന്നിരിക്കണം. നടുവ് നിവർന്നിരിക്കണം. കൈപ്പത്തികൾ മുട്ടിന് മുകളിലായി വയ്‌ക്കണം. ശേഷം കണ്ണുകളടച്ച് ദീർഘശ്വാസം എടുക്കുക. പതിയെ വേണം ശ്വാസം വിടാൻ. നിങ്ങളുടെ ശ്രദ്ധ മുഴുവൻ ശ്വാസോഛ്വാസത്തിലായിരിക്കണം.

ഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്തുന്നു: ശരീരത്തിന്റെ താഴ്‌ഭാഗത്തേക്കുള്ള രക്തയോട്ടം നിയന്ത്രിച്ച് വയറ്റിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് അവയവങ്ങളുടെ പ്രവർത്തനം ശരിയായി നടക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.‌

പേശികളെ ശക്തിപ്പെടുത്തുന്നു: ഈ പോസിൽ ഇരിക്കുന്നത് പെൽവിക് പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നു. ഇതിലൂടെ ആർത്തവ സമയത്തുണ്ടാകുന്ന വേദനങ്ങൾ കുറയുന്നു. ഗർഭധാരണ സമയത്തും ഏറെ ഉപകാരം ചെയ്യും.

നടുവേദന കുറയ്‌ക്കുന്നു: വജ്രാസനത്തിൽ നടുവ് നിവർത്തിയാണ് നിങ്ങൾ ഇരിക്കുന്നത്. ഇത് ഒരുവിധത്തിലുള്ള എല്ലാ നടുവേദനയും മാറ്റുന്നു.

അമിതവണ്ണം കുറയ്‌ക്കുന്നു: ദഹനവും മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്‌ക്കാൻ വജ്രാസനം നല്ലതാണ്.

രക്തചംക്രമണം വർദ്ധിപ്പിക്കും: നിങ്ങളുടെ ശരീരത്തിലുടനീളമുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. അടിവയറ്റിലും പെൽവിക് പ്രദേശത്തും രക്തം എത്തുന്നതിനാൽ, പ്രത്യുൽപാദനത്തിനും വജ്രാസനം ഗുണംചെയ്യും.

പ്രമേഹം, രക്തസമ്മർദം നിയന്ത്രിക്കാം: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വജ്രാസനം സഹായിക്കും. മാത്രമല്ല, മനസിനും ശരീരത്തിനും ഉന്മേഷം ലഭിക്കുന്നതോടൊപ്പം രക്തസമ്മർദവും നിയന്ത്രണവിധേയമാക്കാൻ വജ്രാസനം സഹായിക്കുന്നു.

Advertisement
Advertisement