മാന്നാറിൽ യുവതിയെ കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

Tuesday 02 July 2024 5:50 PM IST

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹത്തിനായി നടത്തിയ പരിശോധനയിൽ പുതിയ വഴിത്തിരിവ്. കലയെ മറവുചെയ്തെന്ന് കരുതപ്പെടുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്‌റ്റിക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഇത് പരിശോധനയ്ക്കായി അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹാവശിഷ്ടം കാണാതായ കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. വിശദമായ പരിശോധന തുടരുകയാണ്.

മാവേലിക്കര മാന്നാർ സ്വദേശിയായ കലയാണ് (20) 15 വർഷം മുൻപ് കാണാതായത്. കലയുടെ ഭർത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. യുവതിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തുന്നത്. കലയുടെ ഭർത്താവ് ഇസ്രയേലിൽ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് പൊലീസ്.

15 വർഷം മുൻപാണ് കലയെ കാണാതാവുന്നത്. കാണാതാവുമ്പോൾ കലയ്ക്ക് കുഞ്ഞുണ്ടായിരുന്നു. അനിലും കലയും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അനിൽ കലയെ വിവാഹം കഴിച്ചതിൽ ബന്ധുക്കൾക്ക് താൽപര്യമില്ലായിരുന്നു. അതിനാൽത്തന്നെ അനിലിന്റെ ബന്ധുവീട്ടിലാണ് വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. സ്വന്തം വീട്ടുകാരുമായി കലയ്ക്കും വലിയ അടുപ്പം ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം കലയെ കാണാതാകുകയായിരുന്നു. പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോ​ഗതിയുണ്ടായിരുന്നില്ല. പിന്നീട് അനിൽ വേറെ വിവാഹം കഴിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിന് മുൻപാണ് കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസിന് ഒരു ഊമക്കത്ത് ലഭിക്കുന്നത് ഇതോടെ വീണ്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന വിവരം പ്രതികളിൽ ആരോ മദ്യപാന സദസിൽ വെളിപ്പെടുത്തിയതാണെന്നാണ് സൂചന. അവിടെയുണ്ടായിരുന്ന ആരെങ്കിലുമാകണം പൊലീസിന് കത്ത് അയച്ചത്. സംഭവത്തിൽ പ്രതിയായ ഒരാൾ മുൻപ് ഭാര്യയെയും മക്കളെയും അപകടപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കേസിൽ അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് കസ്റ്റഡിയിലുള്ളത്.

യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് ചിലർ അനിലിനെ വിളിച്ചുപറയുകയായിരുന്നു. ഇതിനെ തുടർന്ന് അനിലും കലയുമായി തർക്കങ്ങൾ ഉണ്ടായിയെന്നാണ് വിവരം. യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ മുതി‌ർന്നപ്പോൾ മകനെ വേണമെന്ന് അനിൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാർ വാടകയ്ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളിൽ യാത്ര പോകുകയും ചെയ്തു. ഇതിനിടയിൽ അനിൽ സുഹൃത്തുക്കളായ അ‍ഞ്ചുപേരെ വിളിച്ചുവരുത്തി കാറിൽ വച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടർന്ന് പ്രതികൾ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിടുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

Advertisement
Advertisement