സത്‌സംഗത്തിന് ശേഷം മടങ്ങുന്നതിനിടെ തിക്കിലും തിരക്കിലും വൻദുരന്തം, 107 മരണം, സംഭവം ഹത്രാസിൽ

Tuesday 02 July 2024 7:36 PM IST

ഹത്രാസ്(ഉത്തർപ്രദേശ്): മതചടങ്ങിന് ശേഷം മടങ്ങുകയായിരുന്നവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 107 പേരാണ് മരിച്ചത്. ഇവരിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടും. മൂന്ന് കുട്ടികളാണ് മരിച്ചതെന്നാണ് വിവരം. ഹത്രാസിൽ സിക്കന്ദ്രറാവു പട്ടണത്തിൽ ഫുൽറായി ഗ്രാമത്തിൽ സകർ ഹരിബാബ എന്ന ആത്മീയ നേതാവിന്റെ കേന്ദ്രത്തിലാണ് സ‌ത്‌സംഗം നടന്നത്. നൂറുകണക്കിന് പേരാണ് സത്‌സംഗത്തിൽ പങ്കെടുത്തത്. വലിയ പന്തൽ കെട്ടിയയിടത്തായിരുന്നു പരിപാടി നടന്നത്. കനത്ത ചൂടിനിടെ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദുരന്തമുണ്ടായത്. സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ടെമ്പോകളിലും ബസുകളിലും മൃതദേഹങ്ങൾ എത്തിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചവരുടെ കണക്കനുസരിച്ച് 60ഓളം പേർ‌ മരിച്ചതായാണ് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് കുമാർ അറിയിച്ചത്. പിന്നീട് 27 പേർ മരിച്ചതായും സ്ഥിരീകരിച്ചു. ഇതിൽ 25പേർ സ്‌ത്രീകളായിരുന്നു. ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് മരണമടഞ്ഞവർ 107 ആയി. സംഭവത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച രാഷ്‌ട്രപതി പരിക്കേറ്റവർക്ക് വേഗം ഭേദമാകാൻ പ്രാർത്ഥിക്കുന്നതായും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവരും അനുശോചനം അറിയിച്ചു.

കേന്ദ്രം ഉത്തർപ്രദേശ് സർക്കാരിന് എന്ത് സഹായവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റിൽ നടപടികൾക്കിടെയാണ് പ്രധാനമന്ത്രി വിവരം അറിയിച്ചത്. പരിപാടിയ്‌ക്ക് ശേഷം മടങ്ങുമ്പോൾ കടുത്ത ചൂടായിരുന്നെന്നും പുറത്തേക്ക് ഇറങ്ങാൻ ചെറിയ വഴിയിലൂടെ എല്ലാവരും തിക്കിതിരക്കിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് രക്ഷപ്പെട്ട ഒരാൾ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ഹത്രാസ് സന്ദർശിക്കും.

Advertisement
Advertisement