കേരളം വീണ്ടും കാലവർഷക്കെടുതി​യി​ൽ

Wednesday 03 July 2024 12:36 AM IST


പതി​വുപോലെ കേരളം വീണ്ടും കാലവർഷക്കെടുതി​കൾ നേരി​ടുകയാണ്. തീരദേശത്ത് കടലാക്രമണവും മലയോരങ്ങളി​ൽ മണ്ണി​ടി​ച്ചി​ലും പ്രളയവും കൃഷി​നാശവും സർവോപരി​ ജീവനാശവും വാർത്തകളി​ൽ നി​റയുന്നു. മഴയും കാറ്റും മണ്ണും വെള്ളവും തന്ന് പ്രകൃതി​ എല്ലാ രീതി​യി​ലും കനി​ഞ്ഞനുഗ്രഹി​ച്ച ഭൂമി​കയാണ് കേരളം. വർഷക്കാല കെടുതി​കൾ പതി​വുള്ളതാണെങ്കി​ലും വേണ്ടത്ര മുൻകരുതലുകളും പ്രതിരോധങ്ങളും സ്വീകരിച്ചാൽ നാശനഷ്ടങ്ങളും മനുഷ്യജീവനഷ്ടങ്ങളും ഒരു പരി​ധി​ വരെയെങ്കി​ലും തടയാനാകും.

പക്ഷേ അതി​നുള്ള കാര്യക്ഷമമായ ഒരു കാര്യവും മാറി​മാറി​ വന്ന സംസ്ഥാന സർക്കാരുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ചെയ്യാറി​ല്ല. ഭാവനാസമ്പന്നരായ നേതാക്കളോ ഉദ്യോഗസ്ഥരോ മുന്നിട്ടിറങ്ങിയാൽ അവരെ അതിനൊന്നും അനുവദിക്കാറുമില്ല. കഴിഞ്ഞ ദിവസം മൂന്നാർ റോഡിൽ കാറിൽ മരം വീണ് ഒരാൾ മരിച്ച സംഭവം തന്നെ ഒരു ഉദാഹരണം. ഈ മലയോര ഹൈവേയുടെ വലിയൊരു ഭാഗം വനത്തി​ലൂടെയാണ്. ഇവിടെ വഴിയോരത്തുള്ള കാറ്റിലും മഴയിലും വീഴാൻ സാദ്ധ്യതയുള്ള നൂറുകണക്കിന് മരങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും യഥാസമയം വെട്ടിമാറ്റാത്തതുകൊണ്ടാണ് വിലയേറിയ ജീവനുകൾ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നത്.

സംസ്ഥാനത്തിന്റെ 600 കിലോമീറ്ററോളം ദൈർഘ്യംവരുന്ന കടലോരത്ത് താമസിക്കുന്നതിൽ ഏതാണ്ട് എല്ലാവരും അന്നന്നത്തെ അപ്പം തേടുന്ന സാധാരണ മത്സ്യത്തൊഴിലാളികളാണ്. കാലവർഷക്കാലത്ത് അവർ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. നൂറുകണക്കിന് വീടുകൾ എല്ലാ വർഷവും കടലാക്രമണത്തിൽ തകരുന്നു. ആയിരക്കണക്കിനു വീടുകൾ വെള്ളം കയറി നാശമാവുകയും ചെയ്യും. വീട് നഷ്ടപ്പെടുന്നവരുടെ ദു:ഖം പറഞ്ഞാൽ മനസിലാവില്ല. അതനുഭവിച്ചവർക്കേ അറിയൂ. കാലവർഷം ശക്തമാകുന്നതിനു മുന്നേ എറണാകുളം വൈപ്പിനിൽ അനവധി വീടുകളിൽ വെള്ളം കയറി. അവർ റോഡ് ഉപരോധസമരം വരെ നടത്തി.

വരും ദിനങ്ങളിൽ മറ്റു മേഖലകളിലും സമാനമായ ദൃശ്യങ്ങൾ ഉണ്ടാകും. ഇത് അറിയാത്തവരല്ല ഭരണകർത്താക്കളും സർക്കാർ സംവിധാനങ്ങളും. എല്ലാവർഷവും വഴിപാടു പോലെ നടപടികൾ ആവർത്തിക്കും. ആലപ്പുഴ കുട്ടനാട്ടി​ലെയും കോട്ടയത്തെയും പാടശേഖരങ്ങളിലെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. ഇനിയെങ്കിലും ഈ പാവപ്പെട്ട ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാർ മടിക്കരുത്. വേണ്ടിവന്നാൽ നിലവിലുള്ള ഭരണസംവിധാനത്തിനു പുറത്ത് കാര്യക്ഷമമായ അതോറി​ട്ടി​കൾക്കോ മറ്റോ രൂപം നൽകണം. എല്ലാ വർഷവും രൂക്ഷമായ കടലാക്രമണം നേരിടുന്ന എറണാകുളം ചെല്ലാനത്ത് നടത്തിയ ടെട്രാപോഡ് പരീക്ഷണം വിജയകരമാണെന്നു തെളിഞ്ഞ സാഹചര്യത്തിൽ ചെലവേറിയ ഈ പദ്ധതി ഘട്ടംഘട്ടമായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാവുന്നതേയുള്ളൂ.

സാമ്പത്തിക പ്രതിസന്ധിയും വിവാദങ്ങളും സംസ്ഥാന സർക്കാരിനെ വലയ്ക്കുന്നുണ്ടെങ്കിലും ദുരന്തനിവാരണ വകുപ്പ് നേരിട്ടു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിചാരിച്ചാൽ നിഷ്പ്രയാസം ഈ രംഗത്ത് കേരളത്തെ മാതൃകയാക്കാവുന്ന രീതിയിൽ മാറ്റാനാകും. അടിയന്തര ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാൻ മനസുള്ള ജനസമൂഹമാണ് മലയാളികൾ. 2018-ലെ പ്രളയത്തിൽ നാം ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് മറക്കാനാവാത്ത ത്രസിപ്പിക്കുന്ന ഓർമ്മകളാണ്. കടലോര ജനത വള്ളങ്ങൾ ലോറിയിൽ കയറ്റിയെത്തി ചെയ്ത സേവനങ്ങളിൽ നൂറുകണക്കിന് ജീവനുകളെയാണ് അവർ കാത്തുരക്ഷിച്ചത്.

വർഷാവർഷം കടൽകയറി വീടും സമ്പാദ്യങ്ങളും നശിക്കുന്നമത്സ്യബന്ധനമേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ തീരദേശത്തുണ്ട്. പ്രളയകാലത്ത് അവർ ചെയ്ത സേവനങ്ങൾ പരിഗണിച്ചെങ്കിലും കടൽക്ഷോഭം നേരിടാനും ഒഴിവാക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനും ജനങ്ങൾക്കും ബാദ്ധ്യതയുണ്ട്. കുറഞ്ഞപക്ഷം അവശ്യഘട്ടങ്ങളിൽ യഥാസമയം മുന്നറിയിപ്പുകൾ നൽകി ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള അത്യാവശ്യം സൗകര്യങ്ങളുള്ള സ്ഥിരം കെട്ടി​ടങ്ങളെങ്കി​ലും ഒരുക്കണം.

ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത കുറേ ജനപ്രതിനിധികളും ഉദ്യോഗസ്ഥവൃന്ദവും നാടിന് ശാപമാകുന്നതിന്റെ ദു:ഖകരമായ തെളിവുകളാണ് ദുരന്തനിവാരണത്തിൽ കേരളത്തിൽ ദൃശ്യമാകുന്നത്. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യമേഖലയുടെയും സാമൂഹിക പിന്നാക്കാവസ്ഥയുടെയും പേരുപറഞ്ഞ് നാം പരിഹസിക്കാറുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ ഒഡിഷയിലെ ദുരന്തനിവാരണ പദ്ധതികളെ ലോകമാകെ പ്രശംസിച്ചതാണ്. 1999-ൽ 10,000 പേരുടെ ജീവനെടുത്തചുഴലിക്കാറ്റിനു ശേഷം രൂപീകരിച്ച ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ആർക്കും മാതൃകയാക്കാം. പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളും ആധുനിക രക്ഷാ, വാർത്താവിനിമയ സംവിധാനങ്ങളും കൊണ്ട് അവർ അവിടെ അത്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. ചുഴലിക്കാറ്റു മുതൽ ഉഷ്ണതരംഗം, ഇടിമിന്നൽ, സുനാമി, പ്രളയം, ഭൂകമ്പം, വാഹന അപകടങ്ങൾ, സർപ്പദംശനം തുടങ്ങിയവയ്ക്കു വരെ മൊബൈലിലും ഇന്റർനെറ്റ് വഴിയും കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്ന ഐ,ടി.സംവിധാനവും ഒഡിഷയിലുണ്ട്. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ ഒഴിപ്പിക്കേണ്ടിവന്നാൽ അതിനുള്ള സൗകര്യങ്ങളോടെയാണ് സർക്കാരിന്റെയും അല്ലാതെയുമുള്ള സ്കൂൾ കെട്ടിടങ്ങൾ വരെ അവിടെ നിർമ്മിച്ചിട്ടുള്ളത്.

ഒഡിഷ നേരിടുന്നതിന്റെ പത്തിലൊന്ന് പ്രകൃതിക്ഷോഭങ്ങൾ പോലും കേരളത്തിലില്ല. റോഡ്, വാർത്താ വിനിമയ, ഉദ്യോഗസ്ഥ, സർക്കാർ സംവിധാനങ്ങളും സമ്പൂർണ സാക്ഷരരായ ജനങ്ങളും നിവസിക്കുന്ന നമ്മുടെ സംസ്ഥാനം ദുരന്തങ്ങളെ നേരി​ടുമ്പോൾ മാത്രമാണ് ഉണരുന്നത്. വെള്ളം കയറിയാലോ മണ്ണിടിച്ചിൽ ഉണ്ടായാലോ വീടുകൾ തകർന്നാലോ ഏതെങ്കിലും സർക്കാർ സ്കൂൾ ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റും. അവിടെ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. നാശനഷ്ടങ്ങൾ വിലയിരുത്താൻ സർക്കാർ നടപടിക്രമങ്ങളുടെ നൂലാമാലകൾക്ക് അന്തമില്ല. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും. 2018-ലെ പ്രളയ നഷ്ടപരിഹാരം എറണാകുളം ജില്ലയിൽ ഉദ്യോഗസ്ഥർ കൈയിട്ടുവാരിയതിന്റെ നാണക്കേട് ഇനിയെന്നു മാറാനാണ്?​

ഇപ്പോഴുള്ള സർക്കാർ ജീവനക്കാരെക്കൊണ്ട് കാര്യക്ഷമമായി, സമയബന്ധിതമായി ജോലി ചെയ്യിക്കാനുള്ള ശേഷി ഒരു സർക്കാരിനും ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പോലും ജീവനക്കാരുടെ എതി​ർപ്പുമൂലം ബയോമെട്രിക് ഹാജർ കൃത്യമായി​ ഏർപ്പെടുത്താൻ സാധിച്ചിട്ടില്ല. അപ്പോഴാണ് ദുരന്ത നിവാരണ രംഗത്ത് പിന്നാക്ക സംസ്ഥാനമായ ഒഡിഷ ലോകത്തിനുതന്നെ മാതൃകയാകുന്നത്. അവർക്ക് അത് ചെയ്യാനാകുമെങ്കിൽ കേരളത്തിനും നിഷ്പ്രയാസം അത് സാധിക്കും. ജനങ്ങൾ ആഗ്രഹിക്കുന്നതും അതാണ്.

Advertisement
Advertisement