പൊലീസിലെ ആത്മഹത്യകൾ

Wednesday 03 July 2024 12:42 AM IST

വിവിധ കാരണങ്ങളാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൊലീസ് സേനയിൽ 88 പേരാണ് സ്വയം ജീവനൊടുക്കിയത്. ജൂൺ മാസം ഒരാഴ്ചയ്ക്കിടയിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്‌തെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം പൊലീസ് വകുപ്പ് നടത്തിയ ഒരു പഠനത്തിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം തുടങ്ങിയ തെക്കൻ ജില്ലകളിലാണ് സേനാംഗങ്ങളുടെ ആത്മഹത്യ കൂടുതലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ,​ ആത്മഹത്യാ വർദ്ധന പൊലീസിൽ മാത്രമല്ല, സമൂഹത്തിൽ മൊത്തം പ്രകടമാണെന്നാണ് ദേശീയ ക്രൈം റെക്കാർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്. 2022-ൽ കേരളത്തിൽ 10,162 പേർ ആത്മഹത്യ ചെയ്‌തതായും 2021-ൽ ഇത് 9,549 ആയിരുന്നെന്നും ബ്യൂറോയുടെ കണക്കിൽ പറയുന്നു

അതേസമയം,​ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണ് കേരളത്തിലെ ആത്മഹത്യാ നിരക്ക്. ദേശീയ ശരാശരി 12.4 ആണെങ്കിൽ സംസ്ഥാനത്ത് 28.5 ആണ് ആത്മഹത്യാ നിരക്ക്. പൊലീസിലെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ ഒരു പഠനം ഇനിയും നടന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. അത്തരമൊരു പഠനം നടത്താൻ ഒരു റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധർ അടങ്ങിയ സമിതിയെ സർക്കാർ അടിയന്തരമായി നിയോഗിക്കേണ്ടതാണ്. അമിത ജോലിഭാരം, കുടുംബപരമായ പ്രശ്നങ്ങൾ, മേലുദ്യോഗസ്ഥരുടെ ഭീഷണി, സഹപ്രവർത്തകരുടെ സഹകരണമില്ലായ്‌മ, ലഹരി ഉപയോഗം തുടങ്ങി വിവിധ കാരണങ്ങളാണ് പൊലീസിലെ ആത്മഹത്യയ്ക്കു പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രതിപക്ഷം നിയമസഭയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെ,​ പൊലീസുകാരുടെ ജോലിഭാരം കൂടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു. ഈ സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോലിഭാരം കൂടിയാലും സമ്മർദ്ദമില്ലാത്ത സാഹചര്യമാണ് മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെങ്കിൽ അധികം ജോലി ചെയ്യാൻ പോലും പൊലീസുകാർ മടികാണിക്കാറില്ല. ആവശ്യത്തിലധികം ജോലിചെയ്യുകയും,​ കുറ്റപ്പെടുത്തൽ മാത്രം കേൾക്കേണ്ടിവരികയും ചെയ്യുമ്പോഴാണ് പലരുടെയും മനസ് മടുക്കുന്നത്. പൊലീസുകാർ ജനങ്ങളോട് സൗമ്യമായി പെരുമാറാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മേലുദ്യോഗസ്ഥരുടെ പെരുമാറ്റത്തിന്റെ പാരുഷ്യമുള്ള നിലവിലെ രീതിയാണ്. ഇതാണ് ആദ്യം മാറേണ്ടത്. പൊലീസിൽ എസ്.ഐയായി നിയമനം ലഭിച്ച് ട്രെയിനിംഗ് നടക്കുന്നതിനിടയിൽ പോലും മറ്റൊരു ജോലി തരപ്പെട്ടാൽ പിരിഞ്ഞു പോകുന്നവരുടെ എണ്ണവും കൂടിവരികയാണ്.

പൊലീസുകാരുടെ ജോലിഭാരം കുറയ്ക്കണമെങ്കിൽ അവരുടെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണം. എട്ടുമണിക്കൂർ ഡ്യൂട്ടി എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് എല്ലാ ഡി.ജി.പിമാരും ഉറപ്പു നൽകുമെങ്കിലും അത് പൂർണമായി നടപ്പായിട്ടില്ല. പൊലീസുകാരുടെ എണ്ണം കുറവാണെങ്കിൽ പി.എസ്.സി വഴി കൂടുതൽ നിയമനം നടത്താൻ സർക്കാർ തയ്യാറാകണം. സംഘർഷം നിറഞ്ഞതും സങ്കീർണവുമാണ് പൊലീസിലെ ജോലി. പലപ്പോഴും അവധി കിട്ടാൻ തന്നെ ഇവർ കടുത്ത പിരിമുറുക്കം അനുഭവിക്കേണ്ടിവരും. ബാഹ്യ ഇടപെടലുകളും മറ്റും ഇവരുടെ ജോലി ഇരട്ടി ഭാരമുള്ളതാക്കി മാറ്റാറുണ്ട് എന്നതും വസ്തുതയാണ്. കൗൺസലിംഗ് മാത്രംകൊണ്ട് ഇതൊന്നും പരിഹരിക്കാനാവില്ല. കൂടുതൽ ആനുകൂല്യങ്ങൾ ഇവർക്കു നൽകുന്നതിനൊപ്പം കൂടുതൽ പ്രായോഗികമായ പരിഹാരമാർഗങ്ങൾ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതാണ്.

Advertisement
Advertisement