വിഴിഞ്ഞത്തിനും 'ശബരി' ഊർജ്ജമാകണം
കേരളത്തിന്റെ ഭാവി വികസനത്തിന് വലിയതോതിൽ കരുത്താകുമെന്നു പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖം ഏതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തനക്ഷമമാകാൻ പോവുകയാണ്. കൂറ്റൻ ചരക്കുകപ്പലുകളെ വരവേൽക്കാൻ ഒരുങ്ങുമ്പോഴും, തുറമുഖവുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ ഇനിയും യാഥാർത്ഥ്യമായിട്ടില്ലെന്ന പരിമിതി ശേഷിക്കുന്നു. വേണ്ട കാര്യങ്ങൾ വേണ്ട സമയത്തു ചെയ്യുക എന്നത് ശീലമില്ലാത്തതാകാം കാരണം. വിഴിഞ്ഞത്തുനിന്ന് ബാലരാമപുരം വരെ നീളുന്ന ഭൂഗർഭ റെയിൽപ്പാതയ്ക്കുള്ള ആദ്യവട്ടം ഏർപ്പാടുകൾ നടക്കുന്നതേയുള്ളൂ. ഭൂഗർഭ പാത ബാലരാമപുരത്തുകൂടി പോകുന്ന തിരുവനന്തപുരം - കന്യാകുമാരി റെയിൽപ്പാതയുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ചരക്കുനീക്കത്തിൽ പ്രതീക്ഷിക്കുന്ന വലിയ തോതിലുള്ള വർദ്ധന നേരിടാൻ റെയിൽവേ സജ്ജമാകേണ്ടതുണ്ട്. ഒപ്പം തന്നെ റോഡ് വികസനവും അനിവാര്യമാണ്.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ റെയിൽവേ ബോർഡ് മുമ്പാകെ സമർപ്പിച്ചിരിക്കുന്ന പുതിയൊരു റെയിൽ വികസന പദ്ധതി ഏറെ ശ്രദ്ധേയമാകുന്നത്. നിർദ്ദിഷ്ട അങ്കമാലി - എരുമേലി ശബരി റെയിൽപ്പാത തിരുവനന്തപുരത്തേക്കു ദീർഘിപ്പിക്കാനുള്ള നിർദ്ദേശമാണ് കേന്ദ്രത്തിനു സമർപ്പിച്ചിരിക്കുന്നത്. നിരവധി വർഷങ്ങൾക്കു മുമ്പേ തുടങ്ങിവച്ച ശബരി പാത ഇതിനകം പത്തുകിലോമീറ്റർ മാത്രമേ പണി പൂർത്തിയായിട്ടുള്ളൂ. സംസ്ഥാനത്തിനു പൊതുവേയും, മലയോരമേഖലയ്ക്കു പ്രത്യേകിച്ചും ഗുണകരമാകുന്ന ശബരി പാത യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിന് ഇപ്പോൾ ജീവൻവച്ചു തുടങ്ങിയിട്ടുണ്ട്. അതിനൊപ്പമാണ് ആ പാത തലസ്ഥാനത്തേക്കു ദീർഘിപ്പിക്കണമെന്ന ആവശ്യം പ്രസക്തമാകുന്നത്. ദിവസങ്ങൾ കഴിയുന്തോറും അതീവ ദുഷ്‌കരമായിക്കൊണ്ടിരിക്കുന്ന റോഡ് ഗതാഗതത്തിന് വലിയ തോതിൽ പരിഹാരമാകുമെന്ന നിലയ്ക്കുകൂടിയാണ് മലയോര ജില്ലകളെ സ്പർശിച്ചുകൊണ്ടുള്ള ശബരി പാത എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം.
നിർദ്ദിഷ്ട അങ്കമാലി - എരുമേലി പാതയ്ക്ക് 3800 കോടി രൂപയാണ് ചെലവു കണക്കാക്കിയിട്ടുള്ളത്. പദ്ധതി രൂപമെടുത്ത കാലത്ത് ഇതിന്റെ നാലിലൊന്ന് ചെലവിൽ പാത നിർമ്മാണം പൂർത്തിയാക്കാമായിരുന്നു. ശാപമോക്ഷം കാത്തുകിടക്കുന്ന ശബരി പാതയുടെ ആവശ്യകതയും പ്രസക്തിയും ഇപ്പോഴാണ് ബോദ്ധ്യപ്പെടാൻ തുടങ്ങിയത്. ഏതായാലും പ്രതീക്ഷയുണർത്തുന്ന വർത്തമാനമാണ് ശബരി പാതയെക്കുറിച്ച് ഇപ്പോൾ കേട്ടുതുടങ്ങിയത്. കേവലം ആയിരം കോടി രൂപ കൂടി മതിയാകും എരുമേലിയിൽ നിന്ന് പാത തലസ്ഥാന നഗരിയിലേക്കു നീട്ടാൻ എന്നാണ് പദ്ധതി രേഖ. നിർദ്ദിഷ്ട ശബരി പാതയുടെ നിർമ്മാണച്ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരും. ഒരുലക്ഷം കോടി രൂപ ചെലവ് കണക്കാക്കുന്ന അതിവേഗ പാതയ്ക്കുവേണ്ടി ഇപ്പോഴും ശാഠ്യം പിടിക്കുന്ന സർക്കാരിന് ശബരി പാതയുടെ ചെലവിന്റെ പകുതി ഏറ്റെടുക്കാൻ പ്രയാസം കാണില്ല.
കഴിഞ്ഞ വർഷത്തെ കേന്ദ്ര ബഡ്‌ജറ്റിൽ അരലക്ഷം ജനസംഖ്യയുള്ള പട്ടണങ്ങളെയെല്ലാം റെയിൽവേ ഭൂപടത്തിൽ ഉൾപ്പെടുത്താൻ നിർദ്ദേശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ശബരി പാതയും റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. റെയിൽവേ ബോർഡിന് പദ്ധതി സമർപ്പിച്ചതിനൊപ്പം അതു നടന്നുകിട്ടാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുള്ള പരിശ്രമമാണ് ഇനി വേണ്ടത്. രാഷ്ട്രീയം മാറ്റിവച്ച് സംസ്ഥാന സർക്കാരും ഇവിടെ നിന്നുള്ള എം.പിമാരും ഇതിനായി കൂട്ടായി ശ്രമിക്കുകയും സമ്മർദ്ദം ചെലുത്തുകയും വേണം. അടുത്ത കേന്ദ്ര ബഡ്‌ജറ്റിനൊരുങ്ങുന്ന വേളയാണിത്. കാണേണ്ടവരെയെല്ലാം കണ്ട് സംസ്ഥാനത്തിന്റെ ഈ ആവശ്യം നേടിയെടുക്കാൻ വിട്ടുവീഴ്‌ചയില്ലാതെ രംഗത്തിറങ്ങണം.