ക്ഷേത്രഭണ്ഡാരം പൊളിച്ച് മോഷണം: പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്

Wednesday 03 July 2024 1:06 AM IST

നിലമ്പൂർ: മുമ്മുള്ളി കുട്ടിച്ചാത്തൻകാവിൽ ക്ഷേത്രഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. വഴിക്കടവ് കമ്പളക്കല്ല് സ്വദേശി കുന്നുമ്മൽ സൈനുൽ ആബിദിനെയാണ്(39)​ എസ്.ഐ. അജിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 28ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ട്രെയിൻ മാർഗ്ഗം നിലമ്പൂരിലെത്തിയ പ്രതി രാത്രിയോടെ ക്ഷേത്രത്തിലെത്തി ക്ഷേത്രഭണ്ഡാരങ്ങളും ഓഫീസ് റൂമും സ്റ്റോർ റൂമും കുത്തിപ്പൊളിച്ച് മോഷണം നടത്തുകയായിരുന്നു. രാവിലെ വിളക്കു വയ്ക്കാനെത്തിയ മുമ്മുള്ളി സ്വദേശി സുരേഷ് കുമാറാണ് മോഷണവിവരം ആദ്യമറിഞ്ഞത്. ക്ഷേത്രം കമ്മിറ്റി ഭാരവാഹി കേശവദാസിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് ഇതേ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഷൊർണ്ണൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മുമ്പ് മോഷണശ്രമത്തിനിടെ മദ്യ ലഹരിയിൽ കിടന്നുറങ്ങിയ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. 15ഓളം മോഷണക്കേസുകളിൽ പ്രതിയായ സൈനുൽ ആബിദ് എടക്കര ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ രണ്ടു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയതാണ്. ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണം കണ്ടെത്താനാണ് മോഷണം. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. എസ്.ഐ വിഷ്ണു, ജിതിൻ മനു, അജയൻ എന്നിവരും സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൾ സലീം, എൻ.പി സുനിൽ, ആസിഫ് അലി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement