പലഹാര വില്പനയുടെ മറവിൽ ലഹരി വസ്തുക്കളുടെ വില്പന ; വടക്കേക്കാട് അഞ്ച് പേർ അറസ്റ്റിൽ

Wednesday 03 July 2024 2:10 AM IST

കുന്നംകുളം : ഓട്ടോയിൽ കൊണ്ടുനടന്ന് കടകളിൽ പലഹാരങ്ങൾ വിൽക്കുന്നതിന്റെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കച്ചവടം നടത്തിയ അഞ്ചു പേർ വടക്കേക്കാട് പൊലീസിന്റെ പിടിയിലായി. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് തടയാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് 200 ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി അഞ്ച് പേരെ അറസ്റ്റു ചെയ്തത്.

ഓട്ടോയിൽ പലഹാരക്കച്ചവടം നടത്തിവന്ന കണ്ണംകോട്ടുമടത്തിൽ വീട്ടിൽ ഷിജുവാണ് (40) മുഖ്യകണ്ണി. ചിറമങ്ങാട് തെക്കേ പുന്നയൂർ കരിയത്ത് വീട്ടിൽ ഷിജിൽ (39), വടക്കേക്കാട് കണ്ടാണത്ത് വീട്ടിൽ ഷറഫുദ്ദീൻ (44) തെക്കേ പുന്നയൂർ തട്ടത്തായിൽ വീട്ടിൽ ഹസൻ (50), വടക്കേക്കാട് അഞ്ഞൂർ മരോത്തി വീട്ടിൽ ജോഷി (53) എന്നിവരെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്.

ഷിജുവിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്. പുകയില കടത്താനുപയോഗിച്ച ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.ബിനുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ കെ.ബി.ജലീൽ, പി.എ.സുധീർ, സി.പി.ഒമാരായ നിബു, വിപിൻ, ഷിഹാബ്, ബിനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Advertisement
Advertisement