യുവതിയെ ഇടിച്ചിട്ട് വാഹനം : ചോദിക്കാനാളില്ല സീബ്രാ ലൈനിൽ കടന്നാലും അപകടം ഉറപ്പ്

Wednesday 03 July 2024 1:18 AM IST

കൊടുങ്ങല്ലൂർ : സീബ്രാ ലൈനുണ്ടായിട്ടും രക്ഷയില്ല. ചന്തപ്പുര മുനിസിപ്പൽ ബസ് സ്റ്റാൻഡിന് കിഴക്കുവശമുള്ള റോഡിൽ പാഞ്ഞുവരുന്ന വാഹനങ്ങൾ അപകടമുണ്ടാക്കുന്നു. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് വഴിമാറിയില്ലെങ്കിൽ ജീവഹാനി ഉറപ്പ്. സീബ്രാ വരയിലൂടെ റോഡ് ക്രോസ് ചെയ്ത ചന്തപ്പുരയിലെ ഒരു ട്രാവൽസിലെ ജീവനക്കാരിയെ പാഞ്ഞുവന്ന ഇരുചക്ര വാഹനം ഇന്നലെ രാവിലെ ഇടിച്ചു വീഴ്ത്തി. എറിയാട് പേബസാറിലുള്ള കൈതവളപ്പിൽ റാഫിയുടെ മകൾ റിസ്ലാന അജിത്തിനെയാണ് (30) ട്രാവൽസിലേക്ക് വരുമ്പോൾ ഇരുചക്ര വാഹനം സീബ്രാലൈനിൽ ഇടിച്ചുവീഴ്ത്തിയത്.

റോഡിൽ തലയടിച്ചു വീണ ഉടനെ ബോധം നഷ്ടപ്പെട്ടു. പരിക്കേറ്റ റിസ്ലാനയെ ചുമട്ടുതൊഴിലാളികൾ താങ്ങിയെടുത്ത് ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെയും റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഇവിടെ അപകടമുണ്ടായിട്ടുണ്ട്. യാതൊരു ഗതാഗത നിയന്ത്രണവും പാലിക്കാതെ പായുന്നവരാണ് അപകടമുണ്ടാക്കുന്നത്. ചന്തപ്പുര കോട്ടപ്പുറം ബൈപാസിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ സർവീസ് റോഡ് ഉൾപ്പെടെ ഗതാഗതം അടച്ചിരിക്കുകയാണ്.

ഇതേത്തുടർന്ന് ചെറുതും വലതുമായ നൂറുകണക്കിന് വാഹനങ്ങളാണ് തലങ്ങും വിലങ്ങും ബസ് സ്റ്റാൻഡിന്റെ കിഴക്കേ റോഡ് വഴി സഞ്ചരിക്കുന്നത്. തിരക്കേറിയ ഈ ഭാഗത്ത് നടപ്പാതകളിൽ വാഹനങ്ങൾ നിറുത്തുന്നതിനാൽ റോഡിലൂടെ നടക്കാനും ഇരുഭാഗത്തേക്കും മുറിച്ചുകടക്കാനും സ്‌കൂൾ കുട്ടികളും സ്ത്രീകളും പ്രയാസപ്പെടുന്നുണ്ട്.

പൊലീസിനെ നിയോഗിക്കണം

ഗതാഗത നിയന്ത്രണത്തിനും സുരക്ഷിത യാത്ര ഉറപ്പിക്കാനും പൊലീസിനെ നിയോഗിച്ചാൽ ഒരു പരിധി വരെ അപകടം കുറയ്ക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. ചില നേരങ്ങളിൽ പൊലീസ് വാഹനം ഇവിടെ കൊണ്ടിടുന്നത് ഒഴിച്ചാൽ മറ്റ് സമയങ്ങളിൽ പൊലീസിന്റെ സേവനം ലഭ്യമല്ല. ബസ് സ്റ്റാൻഡിലേക്ക് മാത്രമായി ഒരു ഹോം ഗാർഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും സ്റ്റാൻഡിന് പുറത്തുള്ള തിരക്കും ഗതാഗത കുരുക്കും നിയന്ത്രിക്കാൻ ഇദ്ദേഹത്തിനാകില്ല.

Advertisement
Advertisement