ട്രോളിംഗ് നിരോധിച്ചിട്ടും ഇടിയുന്ന മത്സ്യസമ്പത്ത്

Wednesday 03 July 2024 12:03 AM IST

കടൽ മത്സ്യസമ്പത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ട് ജൂൺ 10 മുതൽ കേരള തീരക്കടലിൽ മൺസൂൺകാല ട്രോളിംഗ് നിരോധനം നിലവിൽ വന്നു. 52 ദിവസം നീളുന്ന നിരോധനം ജൂലായ് 31 ന് അവസാനിക്കും. കഴിഞ്ഞ 38 വർഷമായി നടക്കുന്ന ട്രോളിംഗ് നിരോധനം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം കണ്ടോ എന്ന ചോദ്യം ഉയരുമ്പോഴും ഒരു ചടങ്ങ് പോലെ നിരോധനം അരങ്ങേറുന്നു. ജൂൺ മുതൽ ആഗസ്റ്റ് വരെ നീളുന്ന മൺസൂൺ കാലത്താണ് കടൽ മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത്. അത്യാധുനിക വലകൾ ഉപയോഗിച്ച് യന്ത്രവത്കൃത ബോട്ടുകൾ (ട്രോളറുകൾ)കടലിന്റെ അടിത്തട്ടിൽ വരെ നിന്ന് മത്സ്യങ്ങൾ കോരിയെടുത്തുകൊണ്ടു വരുന്നതിന് ഒരു നിശ്ചിത കാലത്തേക്ക് നിരോധനം ഏർപ്പെടുത്തുക എന്നതാണ് ട്രോളിംഗ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രജനന സമയത്ത് മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുകയെന്നതാണ് ഇതിനു പിന്നിലെ ശാസ്ത്രീയത. എന്നാൽ ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും 'ഇൻബോർഡ്' വള്ളങ്ങൾക്കും യഥേഷ്ടം മത്സ്യബന്ധനം നടത്താം. കടൽ ഇളക്കിമറിക്കുന്ന ട്രോളറുകൾ ഉപയോഗിക്കാതെ പരമ്പരാഗത രീതിയിൽ നടത്തുന്ന മത്സ്യബന്ധനം മത്സ്യകുഞ്ഞുങ്ങളെ ബാധിക്കില്ലെന്നാണ് വയ്പ്. പക്ഷെ പരമ്പരാഗത രീതിയുടെ പേരിൽ നടക്കുന്നതും വൻതോതിൽ മത്സ്യം പിടിച്ചെടുക്കുക തന്നെയാണ്. പരമ്പരാഗതക്കാരും കൂറ്റൻ വള്ളങ്ങളിൽ രണ്ടും മൂന്നും ഔട്ട്ബോർഡ് എൻജിനുകൾ ഘടിപ്പിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. കപ്പലിന്റെ വലിപ്പമുള്ള 'കപ്പൽ വള്ള"ങ്ങളിൽ 100 തൊഴിലാളികൾ വരെയുണ്ടാകും. സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ കൊല്ലം നീണ്ടകരയിൽ 1400 ഓളം ട്രോളറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇവയിൽ 1000 ഓളം ബോട്ടുകളാണ് പതിവായി മത്സ്യബന്ധനത്തിന് പോകുന്നത്. നിലവിൽ തന്നെ കടലിൽ മത്സ്യം കുറവായതിനാലാണ് ഇത്രയും ബോട്ടുകൾ മാത്രം പോകുന്നത്. സംസ്ഥാനത്താകെ 4500 ഓളം ട്രോളറുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയൊക്കെ ട്രോളിംഗ് നിരോധന കാലയളവിൽ ഒതുക്കിയിടും. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്.

മാതൃകയായത് കേരളം

1986 ലാണ് രാജ്യത്ത് ആദ്യമായി കേരളത്തിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുമ്പോൾ അതൊരു സ്ഥിരം സംവിധാനമാകുമെന്ന് ആർക്കും പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിൽ പരീക്ഷിച്ച് വിജയിച്ച മാതൃക തീരദേശമുള്ള ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളും നടപ്പാക്കി. 1986 ൽ കൊല്ലം നീണ്ടകരയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും തമ്മിലുണ്ടായ സംഘർഷവും തുടർന്നുണ്ടായ പൊലീസ് വെടിവയ്പിൽ ഒരാൾ മരിയ്ക്കുകയും ചെയ്ത സംഭവമാണ് കേരളത്തിൽ നിരോധനം നടപ്പാക്കിയതിലേക്ക് നയിച്ചത്. മൺസൂൺകാലത്ത് ട്രോളറുകൾ ആഴക്കടലിൽനിന്ന് കരിക്കാടി ചെമ്മീൻ കുഞ്ഞുങ്ങളെയടക്കം കോരിയെടുക്കുന്നതിനാൽ തങ്ങൾക്ക് സീസണിൽ കരിക്കാടി ചെമ്മീൻ ലഭിക്കുന്നില്ലെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവലാതിയാണ് പ്രതിഷേധത്തിലെത്തിയത്. പ്രതിഷേധം കനത്തതോടെ തൊഴിലാളികൾ നീണ്ടകര പാലത്തിൽ കുത്തിയിരുന്ന് ദേശീയപാത ഉപരോധിച്ചു. മണിക്കൂറുകൾ നീണ്ട ഉപരോധത്തിൽ ഗതാഗതം സ്തംഭിച്ചു. പൊലീസിനെ സമരക്കാർ ആക്രമിച്ചതോടെ അക്രമികളെ പിരിച്ചുവിടാൻ നടത്തിയ വെടിവയ്പിൽ ഒരാൾ മരിച്ചു. തുടർന്ന് അന്നത്തെ സർക്കാരാണ് മൺസൂൺകാല ട്രോളിംഗ് നിരോധനം നടപ്പാക്കിയത്. പിന്നീട് കേന്ദ്രസർക്കാരും അത് നയമാക്കി മാറ്റി.

വേണ്ടത് സമ്പൂർണ്ണ നിരോധനം

പൊന്നുവിളയുന്ന കടലിൽ മൺസൂൺകാല ട്രോളിംഗ് നിരോധനം എല്ലാ വർഷവും നടക്കുന്നുണ്ടെങ്കിലും അത് ഉദ്ദേശിച്ച ഫലം ചെയ്തോ എന്ന ചോദ്യം അന്നേ ഉയരുന്നതാണ്. ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നാണ് ഇതുസംബന്ധിച്ച് നടത്തിയ നിരവധി വിദഗ്ദ്ധ പഠനങ്ങളിൽ കണ്ടെത്തിയത്. കടലിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കാൻ ട്രോളിംഗ് നിരോധനമല്ല, മൂന്ന് മാസക്കാലത്തെ സമ്പൂർണ്ണ നിരോധനം തന്നെ വേണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ കാലങ്ങളായി പറയുന്നത്. ആഴക്കടൽ ട്രോളിംഗ് നടക്കുന്നില്ലെന്നതൊഴിച്ചാൽ നിരോധന കാലയളവിൽ മത്സ്യബന്ധനം വൻതോതിൽ നടക്കുന്നുണ്ട്. നിരോധിച്ച വലകൾ വരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ മൂന്ന് മാസക്കാലം മത്സ്യ ബന്ധനത്തിന് സമ്പൂർണ്ണ അവധി നൽകുകയാണ് പ്രായോഗികമെന്ന് മത്സ്യമേഖലയിലെ വിദഗ്ദ്ധർ നിരവധി തവണ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 1986 ൽ തയ്യാറാക്കിയ കേരള മറൈൻ ഫിഷിംഗ് റഗുലേഷൻ ആക്ടിൽ പറഞ്ഞ പല നിർദ്ദേശങ്ങളും ഇതുവരെ പാലിക്കപ്പെട്ടില്ല.

ഊറ്റിയെടുക്കുന്ന മത്സ്യസമ്പത്ത്

52 ദിവസത്തെ ട്രോളിംഗ് നിരോധന കാലയളവൊഴികെ വിശാലമായ കടലിൽ നിന്ന് പിടിക്കാവുന്നതിന്റെ എത്രയോ മടങ്ങ് മത്സ്യങ്ങളെയാണ് ദിവസേന കോരിയെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള ട്രോളറുകൾക്ക് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രോളറുകളും കേരള തീരത്തുനിന്ന് മീൻ പിടിക്കുന്നുണ്ട്. 12 നോട്ടിക്കൽ മൈൽ വരെയാണ് ഒരു സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കടൽ. (ഒരു നോട്ടിക്കൽ മൈൽ 1.8 കിലോമീറ്റർ) രാജ്യത്തിന്റെ അധികാര പരിധി 200 നോട്ടിക്കൽ മൈലാണ്. (360 കിലോമീറ്റർ) വിദേശ ട്രോളറുകളും കപ്പലുകളും നമ്മുടെ തീരത്തുനിന്ന് മത്സ്യബന്ധനം നടത്തുന്നുണ്ട്. കൂടാതെ നൂറുകണക്കിന് പരമ്പരാഗത മത്സ്യതൊഴിലികൾ ചെറുവള്ളങ്ങളിലും കട്ടമരത്തിലും മത്സ്യബന്ധനം നടത്തുന്നുണ്ട്. എന്നാൽ ഇതിനൊന്നും വ്യക്തമായ ഒരു നിയമമോ കൃത്യമായ കണക്കോ ഇല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കടലിൽ പോകുന്ന എല്ലാ യാനങ്ങളും രജിസ്റ്റർ ചെയ്യണമെന്നാണ് നിയമമെങ്കിലും കൃത്യമായ രജിസ്ട്രേഷൻ പോലുമില്ലാത്ത ബോട്ടുകളും വള്ളങ്ങളും ഉണ്ടെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ തന്നെ പറയുന്നു. ഇവയെല്ലാം കൂടി കടൽ അരിച്ചുപെറുക്കി പിടികൂടുന്ന മത്സ്യത്തിന്റെ അളവ് സംബന്ധിച്ചും വ്യക്തമായ കണക്കില്ല. പൊടിമത്സ്യങ്ങളെ പിടിയ്ക്കരുതെന്ന് കർശന നിയമം ഉണ്ടെങ്കിലും പൊടിമത്സ്യങ്ങൾക്ക് വൻ ഡിമാന്റാണ്. കാലിത്തീറ്റയും കോഴിത്തീറ്റയും നിർമ്മിക്കുന്ന ഫാക്ടറികളാണ് പൊടിമത്സ്യങ്ങൾ വാങ്ങുന്നത്. ഇന്ത്യൻ കടൽതീരത്ത് രുചികരമായ 200 ഓളം മത്സ്യഇനങ്ങൾ ലഭിക്കുന്നതിനാൽ വിദേശ ട്രോളറുകളും കപ്പലുകളും ലക്ഷ്യമിടുന്നതും ഇന്ത്യൻ തീരത്തെയാണ്. പണ്ട് കാലത്ത് സുലഭമായി ലഭിച്ചിരുന്ന പല മത്സ്യഇനങ്ങളും ഇന്ന് കണികാണാൻ പോലും കിട്ടാത്ത സ്ഥിതിയായി. കേരള തീരത്ത് പതിവായിരുന്ന 'ചാകര" എന്ന പ്രതിഭാസം പോലും ഇന്ന് അത്യപൂർവ്വമായി മാറി. ഇതെല്ലാം കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിന്റെ സൂചനകളാണ് നൽകുന്നത്. കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യവ്യവസായമേഖല ലക്ഷങ്ങളുടെ ജീവിതമാർഗ്ഗമാണ്.

കായലിലും നിരോധനം വേണം

കടലിലെപ്പോലെ കായലുകളും അരിച്ചുപെറുക്കിയുള്ള മത്സ്യബന്ധനം മൂലം കായലിലെ മത്സ്യസമ്പത്തിന് ഗണ്യമായ ഇടിവുണ്ടായതായി വിദഗ്ദ്ധ പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ട്രോളിംഗ് നിരോധന സമയത്ത് കായലിൽ മത്സ്യബന്ധനത്തിൽ വർദ്ധനവുണ്ടാകുന്നത് സ്വാഭാവികമാണ്. മത്സ്യപ്രജനനം നടക്കുന്ന സമയത്തും നിയന്ത്രണമില്ലാതെ നടക്കുന്ന മത്സ്യബന്ധനം മൂലം കായൽ മത്സ്യങ്ങളുടെ വംശനാശവും സംഭവിക്കുന്നു. അതിനാൽ കടലിലെ ട്രോളിംഗ് നിരോധന കാലയളവിൽ കായലിലും നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണെങ്കിലും സർക്കാർ അത് ചെവിക്കൊള്ളാൻ പോലും തയ്യാറാകുന്നില്ലെന്ന പരാതിയുണ്ട്.

Advertisement
Advertisement