ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ വലയുന്നു

Wednesday 03 July 2024 1:23 AM IST

വെഞ്ഞാറമൂട്: വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു.

വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ നെല്ലനാട് പഞ്ചായത്തിന്റെയും വാമനപുരം പഞ്ചായത്തിന്റെയും അതിർത്തിയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇരു പഞ്ചായത്ത് പരിധിയിൽ നിന്നുമായി അഞ്ഞൂറോളം രോഗികൾ പ്രതിദിനം ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ഇത്രയും രോഗികളെ പരിശോധിക്കാൻ മെഡിക്കൽ ഓഫീസർ ഉൾപ്പെടെ അഞ്ച് ഡോക്ടർമാരാണുള്ളത്.

ഇതിൽ മെഡിക്കൽ ഓഫീസർക്ക് ഓഫീസ് സംബന്ധമായ ജോലി കൂടിയുള്ളതിനാൽ മിക്കപ്പോഴും രോഗികളെ പരിശോധിക്കാൻ കഴിയാറില്ല. ശേഷിക്കുന്ന നാല് ഡോക്ടർമാരിൽ മൂന്ന് പേർ ഉച്ചവരെയും ഒരാൾ ഉച്ചക്ക് ഒരു മണി മുതൽ ആറു മണിവരെയുമാണ് ഉള്ളത്. ഇതിൽ രണ്ട് ദിവസത്തിലൊരിക്കൽ ഡോക്ടർമാരിലൊരാൾ പ്രതിവാര അവധിയിലുമാകും. ആ ദിവസങ്ങളിൾ മൂന്ന് ഡോക്ടർമാർക്ക് ഇത്രയും രോഗികളെ പരിശോധിക്കേണ്ടിവരുന്നു.

ഓരോ രോഗിയും അസുഖം കൂടി എത്തിയാലും മണിക്കൂറുകളോളം ഡോക്ടറെ കാണാൻ കാത്തു നിൽക്കേണ്ടിവരും. കൂടാതെ ലോകാരോഗ്യ സംഘടന പറയുന്നതിന്റെ നാലിരട്ടിയിലേറെ രോഗികളെ നിത്യേന പരിശോധിക്കേണ്ടിവരുന്ന അവസ്ഥ ഡോക്ടർമാരെയും സമ്മർദ്ദത്തിലാക്കും.

**ബി.ജെ.പി വാമനപുരം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികളെ പരിചരിക്കുന്നതിന് ആവശ്യമായ ഡോക്ടർമാർ ഹോസ്പിറ്റലിൽ ഇല്ലാത്തതിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബി.ജെ.പി നേതാക്കളായ പൂവത്തൂർ ജയൻ, വാമനപുരം എസ്.ആർ. രജികുമാർ, ഷീജ രാമചന്ദ്രൻ, മാമൂട് മധു, പ്രമഥചന്ദ്രൻ, കാഞ്ഞിരംപാറ രാമചന്ദ്രൻ, പ്രദീഷ്, അജിത്, വിദ്യാധരൻ, മണികണ്ഠൻ അതിർത്തിമുക്ക്, വിജയൻ, അനിൽ രോഹിണി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement