മംഗലപുരം ആഡംബര വില്ലയിലെ കവർച്ച; അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

Wednesday 03 July 2024 2:46 AM IST

കഴക്കൂട്ടം: മംഗലപുരത്ത് നെല്ലിമൂട്ടിലെ ആഡംബര വില്ലയിൽ നിന്ന് 38 പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. അന്തർസംസ്ഥാന മോഷ്ടാവായ ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി സ്പൈഡർ സതീഷ് എന്ന കാരി സട്ടി ബാബുവിനെയാണ്(36) മംഗലപുരം പൊലീസ് ആന്ധ്രാപ്രദേശിലെ കടപ്പയിൽ നിന്ന് പിടികൂടിയത്.

ജൂൺ രണ്ടിനായിരുന്നു മോഷണം. മോഷണത്തിനുശേഷം കെ.എസ്.ആർ.ടി.സി ബസിൽ കയറി പ്രതി നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. മോഷണമുതൽ മുഴുവൻ കണ്ടെത്തിയതായി റൂറൽ എസ്.പി കിരൺ നാരായൺ പറഞ്ഞു.

കർണാടക,ആന്ധ്ര,തെലങ്കാന,തമിഴ്നാട് എന്നിവിടങ്ങളിലുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ എഴുപതിൽപ്പരം കവർച്ചാക്കേസുകളിൽ പ്രതിയാണ്.ആന്ധ്രയിലെ മന്ത്രി കൺപൂർ ബാബുരാജിന്റെ വീട്ടിൽ നിന്ന് 7 കിലോ സ്വർണം കവർച്ച ചെയ്ത കേസിലും,കാഞ്ചിപുരത്ത് ജുവലറി ഉടമയുടെ വീട്ടിൽ നിന്ന് ഒന്നരകിലോ സ്വർണം മോഷ്ടിച്ച കേസിലും പ്രതിയാണ്. ഇതിൽ ജയിൽ മോചിതനായശേഷമാണ് കേരളത്തിലെത്തി വില്ലയിൽ നിന്ന് മോഷണം നടത്തിയത്. മോഷ്ടിച്ച് കിട്ടുന്ന സ്വർണം വിറ്റ് ആഡംബര ജീവിതം നയിക്കുന്നതായിരുന്നു രീതി.എത്ര ഉയർന്ന ചുമരുകളും നിസാരം പോലെ കയറിയാണ് വീടിനുള്ളിൽ പ്രവേശിക്കുന്നത്. യൂട്യൂബിൽ വരുന്ന കെട്ടിടങ്ങളുടെയും,ആഡംബര വില്ലകളുടെയും പരസ്യങ്ങൾ കണ്ട് വ്യക്തമായി പഠിച്ചശേഷമാണ് സ്ഥലത്തെത്തി കാരി സട്ടി മോഷണം നടത്തുന്നത്.ഒറ്റ ദിവസം കൊണ്ടുതന്നെ മോഷണം നടത്തി തിരികെ നാട്ടിലേക്ക് മടങ്ങും.

ഇയാൾക്ക് വിശാഖപട്ടണം,ബംഗളൂരു,കടപ്പ എന്നിവിടങ്ങളിൽ നാല് ആഡംബര ഫ്ലാറ്റുകളുണ്ട്.കാരി സട്ടിയെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എ.പ്രദീപ് കുമാർ,മംഗലാപുരം എസ്.എച്ച്.വൈ മുഹമ്മദ് ഷാഫി,കഠിനംകുളം എസ്.ഐ എസ്.എസ്.ഷിജു,മംഗലപുരം എസ്.ഐ അനിൽകുമാർ,സി.പി.ഒമാരായ ലിജു,ഷാഡോ ടീമിലെ എസ്.ഐ ദിലീപ്,രാജീവ് എസ്.റിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement